അന്തിക്കാട്: ജനവാസകേന്ദ്രമായ പടിയം വില്ലേജ് ഓഫിസ് പരിസരത്ത് പ്ലാസ്റ്റിക് മാലിന്യം വേർതിരിക്കുന്ന സംസ്കരണം കേന്ദ്രം (എംസിഎഫ്) അന്തിക്കാട് പഞ്ചായത്ത് സ്ഥാപിക്കുന്നതിനെതിരെ 3 മാസത്തിലേറയായി പടിയം പരിസ്ഥിതി സംരക്ഷണസമിതി നടത്തി വന്നിരുന്ന സമരം വിജയിച്ചു. ജനങ്ങളുടെ എതിർപ്പ് മൂലം ഇവിടെ എംസിഎഫ് പണിയുന്നില്ലെന്നും ചുറ്റുമതിൽ നിർമിക്കേണ്ടതില്ലെന്നും പഞ്ചായത്ത് യോഗം തീരുമാനിച്ചു. കഴിഞ്ഞ വാർഷിക പദ്ധതിയിൽ ഏറ്റെടുത്തിട്ടുള്ള ഈ പദ്ധതിയും ഈ വർഷത്തെപദ്ധതിയിൽ ചുറ്റുമതിൽ കെട്ടാനുള്ള പദ്ധതിയും ഉപേക്ഷിക്കുന്നതിനും തിരുമാനിച്ചിട്ടുണ്ട്. എംസിഎഫ് സ്ഥാപിക്കാൻ 10.5 സെന്റ് സ്ഥലം 16.65 ലക്ഷം രൂപ നൽകിയാണ് വാങ്ങിയിരുന്നത്. ഗ്രാമസഭയിൽ പോലും അറിയിക്കാതെയാണ് സ്ഥലം വാങ്ങിയതെന്നാരോപിച്ച് അന്നു മുതൽ നാട്ടുകാർ സമരത്തിലായിരുന്നു. 2024 ഡിസംബർ 9ന് നടത്തിയ സമരത്തിൽ സ്ഥലം വാങ്ങാൻ ഇടപെട്ട അന്നത്തെ വൈസ് പ്രസിഡന്റും ഇപ്പോൾ വാർഡ് മെമ്പറുമായ സിപിഐയിലെ കെ,കെ,പ്രദീപ് കുമാർ പിന്തുണ പ്രഖ്യാപിച്ചിരുന്നു. വികസനസമിതി വിളിച്ച് കൂട്ടാതെയാണ് സ്ഥലം വാങ്ങുന്നതുമായി മുന്നോട്ട് പോയതെന്നും ഇക്കാര്യത്തിൽ തനിക്ക് തെറ്റി പറ്റിയെന്നും അദ്ദേഹം സമരക്കാരുടെ യോഗത്തിൽ പറഞ്ഞിരുന്നു. എംസിഎഫ് കേന്ദ്രം സ്ഥാപിക്കാൻ അനുവദിക്കില്ലെന്നും സമരക്കാർക്ക് പിന്തുണ പ്രഖ്യപിച്ചും കഴിഞ്ഞ മാസം കോൺഗ്രസും ബിജെപിയും ഈ സ്ഥലത്തേക്ക് മാർച്ചും ധർണയും നടത്തിയിരുന്നു.