വാടാനപ്പിള്ളി: മഹാക്ഷേത്രമായി പുനർനിർമ്മിച്ച വാടാനപ്പിള്ളി ശ്രീ ഗണേശമംഗലം ഗണപതി ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠ മാർച്ച് 30 ന് രേവതി നാളിൽ രാവിലെ 9 -20നും 10-10നും മദ്ധ്യേ ക്ഷേത്രം തന്ത്രി ഡോ: കാരുമാത്ര വിജയൻ തന്ത്രികളുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കും.. അന്നേദിവസം വൈകിട്ട് 5 ന്കേരള ക്ഷേത്രസംരക്ഷണ സമിതി ഗണേശമംഗലം ശാഖയുടെ ആഭിമുഖ്യത്തിൽ 1008 അമ്മമാർ പങ്കെടുക്കുന്ന ഗണേശ സഹസ്രനാമ യഞ്ജവും സംഘടിപ്പിക്കും. മാർച്ച് 23 മുതൽ 8 ദിവസം നീണ്ടു നിൽക്കുന്ന പ്രതിഷ്‌ഠാ ക്രിയകൾക്കൊപ്പം എല്ലാ ദിവസവും വിശേഷാൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമവും അന്നദാനവും വൈകീട്ട് ആദ്ധ്യാത്മിക പ്രഭാഷണവും 8 മുതൽ കലാപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. ഒരു നൂറ്റാണ്ടിന് മുൻപ് ശ്രീനാരായണ ഗുരുദേവൻ്റെ നിർദ്ദേശാനുസരണം ബോധാനന്ദ സ്വാമികൾ പ്രതിഷ്ഠ നടത്തിയത്. 5 ഏക്കറോളം വരുന്ന ക്ഷേത്രം ഭൂമിയിലാണ് പുരാതന ക്ഷേത്രം നിലനിൽക്കുന്നത്. ക്ഷേത്ര ഭരണനിർവ്വഹണം നടത്തുന്ന കേരള ക്ഷേത്രസംരക്ഷണ സമിതി ഗണേശമംഗലം ശാഖയുടെ നേതൃത്വത്തിൽ പൂർണ്ണമായും കൃഷ്‌ണശിലയിൽ പുനർനിർമ്മിച്ച ക്ഷേത്രം രൂപകൽപ്പന ചെയ്‌തത് പഴങ്ങാംപറമ്പ് ഉണ്ണികൃഷ്ണൻ തന്ത്രികളാണ്. ഒറ്റപ്പാലം അയ്യപ്പക്കുട്ടിയാണ് ക്ഷേത്രം ശിൽപ്പി. ശ്രീകോവിലിന് മാത്രം ഒരു കോടി 60 ലക്ഷം രൂപ ചിലവ് വന്നു. ആദ്യ ദിവസമായ 23 ന് രാവിലെ 8 മുതൽ വൈകിട്ട് 6 വരെ ഗണേശ ഭഗവാന് മുന്നിൽ നടത്തുന്ന സംഗീതാർച്ചനയോട് കൂടി കലാപരിപാടികൾ ആരംഭിക്കും. പത്രസമ്മേളനത്തിൽ സ്വാഗത സംഘം ചെയർമാൻ സുഗതൻ വന്നേരി, ക്ഷേത്രം പ്രസിഡൻ്റ് പ്രദീപ് പണ്ടാരൻ, സെക്രട്ടറി സുനിൽകുമാർ പണിക്കെട്ടി, മാതൃ സമിതി പ്രസിഡൻ്റ് മാല ജഗദീഷ് എന്നിവർ പങ്കെടുത്തു.