തൃശൂർ: ജില്ലയിലെ പാവറട്ടി, മുല്ലശ്ശേരി, വെങ്കിടങ്ങ്, ഒരുമനയൂർ, എങ്ങണ്ടിയൂർ പഞ്ചായത്തുകൾ ഉൾപ്പെട്ട പെരിങ്ങാട് പുഴയും തീരപ്രദേശവും കണ്ടൽ റിസർവ് വനം ആക്കുന്ന നടപടി പിൻവലിക്കുന്നത് തീരുമാനിക്കുന്നതിനായി വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്റെ അധ്യക്ഷതയിൽ ഉന്നതലയോഗം ചേർന്നു. റവന്യു, ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ ഓൺലൈനായി യോഗത്തിൽ പങ്കെടുത്തു. മുരളി പെരുനെല്ലി എംഎൽഎ, എൻ കെ അക്ബർ എംഎൽഎ എന്നിവരുടെ സാന്നിധ്യത്തിൽ രാമനിലയം ഗസ്റ്റ് ഹൗസിലാണ് യോഗം ചേർന്നത്. ജനങ്ങളുടെ സംരക്ഷണമാണ് സർക്കാരിന്റെ മുഖ്യലക്ഷ്യമെന്ന് വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. ജില്ലയിലെ മണലൂർ, ഗുരുവായൂർ മണ്ഡലങ്ങളിലൂടെ ഒഴുകുന്ന പുഴയുടെ പുനരുദ്ധാരണവും അതിനിടയാക്കിയ കണ്ടൽക്കാടുകളുടെ സംരക്ഷണത്തിനും സർക്കാർ പുറപ്പെടുവിച്ച സെക്ഷൻ 4 പ്രകാരമുള്ള റിസർവ് വനമായി പ്രദേശം പ്രഖ്യാപിച്ചുകൊണ്ടുള്ള ഉത്തരവ് പുന: പരിശോധിക്കാൻ ഉന്നത തല യോഗം തീരുമാനിച്ചു. ഇത് ത്വരിതപ്പെടുത്താൻ നോഡൽ ഓഫീസർ കൂടിയായ സബ് കളക്ടറെയും ഡി എഫ് ഒ യെയും മന്ത്രി ചുമതലപ്പെടുത്തി. ഇതിന്റെ റിപ്പോർട്ട് രണ്ടാഴ്ചയ്ക്കകം തയ്യാറാക്കി സംസ്ഥാന വനം വകുപ്പ് ആസ്ഥാനത്ത് എത്തിക്കണമെന്നും മന്ത്രി നിർദേശിച്ചു. നിയമപരമായ പ്രശ്നമായതുകൊണ്ട് പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ എത്രയും പെട്ടന്ന് സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. കേന്ദ്ര ഗവൺമെന്റിനെ ഈ പ്രശ്നം ബോധ്യപ്പെടുത്താൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നതിലൂടെ ജനങ്ങളുടെ ഉത്കണ്ഠയ്ക്ക് പരിഹാരം ഉണ്ടാക്കാൻ മുൻഗണന നൽകിക്കൊണ്ടുള്ള ശ്രമങ്ങൾ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് മന്ത്രി ഉറപ്പ് നൽകി. ജനപക്ഷത്തു നിന്നുള്ള നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ പറഞ്ഞു. പെരിങ്ങാട് പുഴയും തീരവും കണ്ടൽ വനങ്ങളും കണ്ടൽ റിസർവ് വനമാക്കുന്ന നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് മുരളി പെരുനെല്ലി എംഎൽഎ മന്ത്രിക്ക് കത്തു നൽകിയതിൻ്റെ അടിസ്ഥാനത്തി ലായിരുന്നുയോഗം. യോഗത്തിൽ എപിസിസിഎഫ് ഫിനാൻസ്, ബഡ്ജറ്റ്, ഓഡിറ്റ് ഡോ. പി പുകഴേന്തി, സിസിഎഫ് സെൻട്രൽ സർക്കിൾ ഡോ. ആർ. ആടലരശൻ, സബ് കളക്ടർ അഖിൽ വി മേനോൻ, ഡിഎഫ്ഒ രവികുമാർ മീണ, ഡെപ്യുട്ടി കളക്ടർ എം സി ജ്യോതി, വകുപ്പ്തല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
previous post