അന്തിക്കാട്: ചാഴൂരിൽ അമ്മ മകൾക്ക് വിവാഹ സമ്മാനമായി നൽകാൻ വീട്ടിലെ ലോക്കറിൽ സൂക്ഷിച്ചിരുന്ന 16 മുക്കാൽ പവൻ സ്വർണ്ണം വേലക്കാരി കവർന്നു. മോഷണ മുതൽ സുഹൃത്തിനെ ഏൽപ്പിച്ചുവെങ്കിലും ഇയാൾ മദ്യപാനത്തിനിടെ മറ്റൊരാളോട് മോഷണ വിവരം വെളിപ്പെടുത്തിയതാണ് പ്രശ്‌നമായത്. മദ്യലഹരി ഇറങ്ങിയപ്പോൾ സുഹൃത്തിനെ കുടുക്കാൻ ശ്രമം നടക്കുകയും അവസാനം ഇരുവരും പോലീസ് പിടിയിലാകുകയും ചെയ്തു. ജോലി ചെയ്യുന്ന വീട്ടിൽ നിന്ന് സ്വർണ്ണാഭരണം മോഷ്‌ടിച്ച സ്ത്രീയും വിൽക്കുന്നതിന് സഹായിച്ച സുഹൃത്തുമാണ് അന്തിക്കാട് പോലീസിന്റെ പിടിയിലായത്. ചാഴൂർ എസ്.എൻ. റോഡ് ഓട്ടുപുരയ്ക്കൽ വീട്ടിൽ സന്ധ്യ (47), പെരിങ്ങോട്ടുകര പാണ്ടത്ര വീട്ടിൽഷൈബിൻ (47) എന്നിവരാണ് അറസ്റ്റിലായത്. ചാഴൂർ സ്വദേശിനി സുപ്രിയയുടെ വീട്ടിൽ നിന്നാണ് 16.75 പവനോളം തൂക്കം വരുന്ന സ്വർണ്ണാഭരണങ്ങൾ സന്ധ്യ മോഷ്ടിച്ചത്. മകളുടെ വിവാഹസമ്മാനമായി നൽകാൻ വീട്ടിലെ ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണം സഹോദരിക്ക് കാണിക്കാനായി സുപ്രിയ എടുത്തപ്പോഴാണ് ഇതിൽ നിന്നും സ്വർണ്ണം നഷ്ടപ്പെട്ടതായി അറിയുന്നത്. തുടർന്ന് അന്തിക്കാട് പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. സന്ധ്യ സുപ്രിയയുടെ വീട് വൃത്തിയാക്കുന്നതിനിടെ അലമാര തുറന്നുകിടക്കുന്നത് കണ്ട് ലോക്കറിൽ നിന്ന് സ്വർണ്ണം മോഷ്ടിക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. ഇത് വിൽക്കാനായി സുഹൃത്തായ ഷൈബിനെയാണ് സന്ധ്യ ഏൽപ്പിച്ചത്.പിന്നീട് ഷെബിൻ മദ്യപിച്ചിരിക്കുമ്പോൾ ഈ വിവരം മറ്റൊരാളോട് പറഞ്ഞത്. ഇയാൾ സംഭവം പുറത്തു പറയുമെന്ന് ഭയന്ന് ഷൈബിനെ മർദ്ദിച്ചെന്നും സന്ധ്യയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവെന്നും കഥയുണ്ടാക്കി ഇരുവരും ചേർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു.
ഇവർ പരാതി നൽകിയതിൽ പൊരുത്തക്കേടുകൾ തോന്നിയതിനെ തുടർന്ന് പോലീസ് വിശദമായി സന്ധ്യയേയും ഷൈബിനേയും ചോദ്യം ചെയ്തപ്പോഴാണ് മോഷണവിവരം പുറത്തായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. ഷൈബിനെതിരെ മറ്റു കേസുകളും നിലവിൽ ഉണ്ടെന്ന് പോലീസ് പറഞ്ഞു.അന്തിക്കാട് പോലീസ് സബ് ഇൻസ്പെക്ടർമാരായ സുബിന്ദ്, അഭിലാഷ്, ജയൻ, സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ വിപിൻ, സി.പി.ഒമാരായ പ്രതീഷ്, മിന്നു എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്