അന്തിക്കാട്: കാർഷിക മേഖലയ്ക്കും പാർപ്പിട പദ്ധതികൾക്കും റോഡുകൾ കുടിവെള്ളം എന്നിവയ്ക്ക് മുൻഗണന നൽകി അന്തിക്കാട് പഞ്ചായത്തിലെ 2025-2026 സാമ്പത്തിക വർഷത്തെ ബഡ്ജറ്റ് വൈസ് പ്രസിഡന്റ് പി എസ് സുജിത്ത് അവതരിപ്പിച്ചു. 25 കോടി 40 ലക്ഷത്തി എണ്ണായിരത്തി 181 രൂപ വരവും, 24 കോടി 68 ലക്ഷത്തി എൺപതിനായിരത്തി 957 രൂപ ചെലവും 71 ലക്ഷത്തി ഇരുപത്തിഏഴായിരത്തി 224 രൂപ മിച്ചവും പ്രതീക്ഷിക്കുന്നതാണ് ബഡ്ജറ്റ്. 15 വാർഡുകളുടേയും സന്തുലന വികസനലക്ഷ്യം മുന്നിൽ കണ്ടുകൊണ്ടാണ് ബഡ്ജറ്റ് തയ്യാറാക്കിയിട്ടുള്ളത്. കാർഷിക മേഖലയ്ക്ക് 38,36,000 രൂപയും മൃഗസംരക്ഷണ മേഖലയ്ക്ക് 37,40,500 രൂപയും ഭിന്നശേഷിതക്കാരുടെ ക്ഷേമത്തിനായി പന്ത്രണ്ട് ലക്ഷം രൂപയും, അങ്കണവാടി പോഷകാഹാരം പദ്ധതികൾക്കായി 38,15,000 രൂപയും, വയോജനസൗഹൃദ ഗ്രാമം പദ്ധതിക്കായി 9,65,000 രൂപയും, വനിതാക്ഷേമ പ്രവർത്തനങ്ങൾക്ക് 19,30,160 രൂപയും വകയിരുത്തിയിട്ടുണ്ട്. ആരോഗ്യമേഖലയ്ക്കും, പട്ടികജാതി വിഭാഗങ്ങലും ഉന്നമനത്തിനും കുടിവെള്ളമേഖലയ്ക്കും, റോഡുകളുടെ ഗുണനിലവാരം ഉയർത്തുന്നതിനും തുക നീക്കിവെച്ചിട്ടുണ്ട്. പ്രസിഡൻ്റ് ജീന നന്ദൻ, സ്റ്റാൻ്റിംഗ് കമ്മിറ്റി അംഗങ്ങളായ ശരണ്യ രജിഷ്, ഷെഫീർ അബ്ദുൾ ഖാദർ, മേനക മധു, പഞ്ചായത്ത് സെക്രട്ടറി ടി സത്യൻ, അസി.. സെക്രട്ടറി കെ ആർ രാജേഷ്, അക്കൗണ്ടൻ്റ് കെ മൻജ്ജുഷ, ജനപ്രതിനിധികളായ ജ്യോതി രാമൻ, മിനി ആൻ്റോ. എന്നിവർ സംസാരിച്ചു.