തൃശൂർ: പൂരത്തിന്റെ ഭാഗമായ പ്രദർശനം ശനിയാഴ്ച വൈകീട്ട് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, മന്ത്രി കെ. രാജൻ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. പൂരപ്രദർശനത്തിന്റെ ഉദ്ഘാടന ചടങ്ങിൽ ആദ്യമായി പങ്കെടുക്കാൻ സാധിച്ചത് ഭാഗ്യമായി കാണുന്നുവെന്ന് സുരേഷ് ഗോപി പറഞ്ഞു. പൂരത്തിന്റെ വിജയകരമായ നടത്തിപ്പിന് പിന്നിൽ പൂരത്തിനെത്തുന്ന ആയിരക്കണക്കിന് ആളുകളുടെ പങ്കാളിത്തമുണ്ട്. ലോകം ഉറ്റുനോക്കുന്ന തൃശൂർ പൂരം, ആചാരപരമായ ചിട്ടകളോടെയും ഭംഗിയോടെയും നടക്കാൻ വടക്കുന്നാഥന്റെ അനുഗ്രഹം തേടുന്നതായും പാറമേക്കാവ് ഭഗവതിയുടെയും തിരുവമ്പാടി ശ്രീകൃഷ്ണന്റെയും മറ്റ് ഉപദേവതകളുടെയും അനുഗ്രഹത്തിനായി പ്രാർഥിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
പൂരം കാണാൻ ആഗ്രഹിക്കുന്ന ഓരോരുത്തരെയും പൂരവേദിയിൽ എത്തിക്കുമെന്നും പൊതുജന പങ്കാളിത്തം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി കെ. രാജൻ പറഞ്ഞു. കഴിഞ്ഞവർഷം ലോക്സഭ തെരഞ്ഞെടുപ്പിന്റെ ചട്ടങ്ങൾ നിലവിലുണ്ടായിരുന്നതിനാൽ പൂരവുമായി ബന്ധപ്പെട്ട യോഗങ്ങളിൽ മന്ത്രിമാർക്ക് പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ, ഇത്തവണ അത്തരം സാഹചര്യങ്ങൾ ഒഴിവാക്കുമെന്ന് മുഖ്യാതിഥിയായ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു വ്യക്തമാക്കി. എം.എൽ.എ പി. ബാലചന്ദ്രൻ, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡൻറ് കെ. രവീന്ദ്രൻ, പ്രതിപക്ഷ നേതാവ് രാജൻ പല്ലൻ, ഡെപ്യൂട്ടി മേയർ എം.എൽ. റോസി, കൗൺസിലർമാരായ പൂർണിമ സുരേഷ്, റെജി ജോയ്, തിരുവമ്പാടി ദേവസ്വം സെക്രട്ടറി ഗിരീഷ് കുമാർ, പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷ്, ഇരു ദേവസ്വങ്ങളിലെയും മറ്റ് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. ജാസി ഗിഫ്റ്റ് സംഗീതം നൽകി ജീവൻ, ക്രിസ്റ്റി, സജീവൻ എന്നിവർ രചിച്ച ഈ വർഷത്തെ പൂരം ഗാനം സുരേഷ് ഗോപി പുറത്തിറക്കി. ഏപ്രിൽ രണ്ടുമുതൽ പൊതുജനങ്ങൾക്ക് സ്റ്റാളുകളിൽനിന്ന് ടിക്കറ്റ് എടുത്ത് പ്രദർശനം കാണാൻ സൗകര്യമുണ്ടാകുമെന്ന് പ്രദർശന കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. റമദാൻ ഏപ്രിൽ ഒന്നിനാണെങ്കിൽ അന്ന് മുതൽ പൊതുജനങ്ങൾക്ക് ടിക്കറ്റ് എടുത്ത് പ്രവേശനം അനുവദിക്കും.