മുൻ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍ ബിജെപി സംസ്ഥാന അധ്യക്ഷനാകും. ദേശീയ നേതാക്കളായ പ്രകാശ് ജാവദേക്കറും അപരാജിത സാരംഗിയും രാജീവ് ചന്ദ്രശേഖറുമായി ചർച്ച പൂര്‍ത്തിയാക്കി. ഇനി കോര്‍ കമ്മിറ്റി യോഗത്തില്‍ രാജീവ് ചന്ദ്രശേഖറിന്റെ പേര് അവതരിപ്പിക്കും. തിരുവനന്തപുരത്ത് ഹോട്ടൽ ഹൈസിന്തിൽ ആണ് യോഗം. തിരഞ്ഞെടുപ്പ് ചുമതലയുള്ള കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷിയാണ് കേന്ദ്ര തീരുമാനം കോർ കമ്മിറ്റിയെ അറിയിക്കുക. അതിനു ശേഷം നാമനിര്‍ദേശ പത്രിക നല്‍കും. നാളെയാണ് സംസ്ഥാന അധ്യക്ഷനെ ഔദ്യോഗികമായി പ്രഖ്യാപിക്കുക. കെ സുരേന്ദ്രന്റെ പിൻഗാമിയായാണ് രാജീവ് ചന്ദ്രശേഖർ സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് എത്തുന്നത്.വ്യവസായിയായ രാജീവ് ചന്ദ്രശേഖർ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് ജനവിധി തേടിയിരുന്നു. ശശി തരൂരിനെതിരെ ശക്തമായ പോരാട്ടം കാഴ്ചവെക്കാനും കഴിഞ്ഞു. രാജീവ് ചന്ദ്രശേഖറിലൂടെ പാർട്ടിക്കതീതമായ പിന്തുണ ഉറപ്പാക്കാനും യുവാക്കളെ സ്വാധീനിക്കാനും കഴിയുമെന്ന് ബിജെപി ദേശീയ നേതൃത്വം കണക്കുകൂട്ടുന്നു. കേരള രാഷ്ട്രീയത്തില്‍ ഏറെയൊന്നും പ്രവര്‍ത്തന പരിചയമില്ലാത്ത രാജീവ് ചന്ദ്രശേഖറിനെ സംസ്ഥാന അധ്യക്ഷനാക്കുകവഴി വലിയ പരീക്ഷണത്തിനാണ് ബിജെപി ദേശീയ നേതൃത്വം ഒരുങ്ങുന്നത്. വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിന് പാര്‍ട്ടിയെ സജ്ജമാക്കുക എന്നതാണ് രാജീവ് ചന്ദ്രശേഖറിനെ കാത്തിരിക്കുന്ന ആദ്യ ദൗത്യം. അതിന് പിന്നാലെ നിയമസഭ തിരഞ്ഞെടുപ്പും വരാനിരിക്കുന്നു.