തൃപ്രയാർ: സിപിഐ നാട്ടിക ലോക്കൽ അസിസ്റ്റൻറ് സെക്രട്ടറി ബിജു കുയിലംപറമ്പിലിനെ വലപ്പാട് സിഐ മർദ്ദിച്ചതായി പരാതി. പരിക്കേറ്റ ബിജുവിനെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ബിജുവിന്റെ സുഹൃത്ത് നടത്തിയിരുന്ന പണമിടപാട് സ്ഥാപനത്തിൽ മുക്കു പണ്ടം പണയം വെച്ച കേസിൽ ഏതാനും പേരെ വലപ്പാട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർ കഴിഞ്ഞ ദിവസമാണ് റിമാൻഡ് കാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയത്. ഇതിനുശേഷം ഇവർ ബിജു മർദ്ദിച്ചതായി കാണിച്ച് വലപ്പാട് പോലീസിൽ പരാതി നൽകിയിരുന്നു. പരാതി പ്രകാരം ബിജുവിനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ ശേഷം പ്രകോപനം ഇല്ലാതെ ഇൻസ്പെക്ടർ എം.ടി രമേശ് നെഞ്ചത്ത് ആഞ്ഞടിച്ച് മർദ്ദിക്കുകയായിരുന്നുവെന്നാണ് പറയുന്നത്. അവശനായി വീണ ബിജുവിനെ പോലീസ് ജീപ്പിലാണ് ആശുപത്രിയിൽ എത്തിച്ചത്. ആദ്യം വലപ്പാട് ദയ ആശുപത്രിയിൽ എത്തിച്ചെങ്കിലും ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് തൃശ്ശൂരിൽ ഉള്ള സൺ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.vമുൻമന്ത്രി വി.എസ് സുനിൽകുമാർ അടക്കം നിരവധിപേർ ബിജുവിനെ ആശുപത്രിയിൽ സന്ദർശിച്ചു. വിഷയത്തിൽ മുഖ്യമന്ത്രി എസ്പി അടക്കമുള്ള ഉന്നതർക്ക് പരാതി കൊടുക്കാനാണ് ബിജുവിൻ്റെ നീക്കം. സംഭവത്തിൽ തൃപ്രയാർ – നാട്ടിക മർച്ചൻ്റ് അസോസിയേഷൻ പ്രതിഷേധിച്ചു.