കാഞ്ഞാണി: ഭരണസമിതി തീരുമാനത്തിന്റെ പകർപ്പ് ആവശ്യപ്പെട്ടിട്ടും നൽകാൻ തയാറാകാത്തതിൽ പ്രതിഷേധിച്ച് മണലൂർ പഞ്ചായത്തിൽ എൽ.ഡി.എഫ് അംഗങ്ങൾ യോഗം ബഹിഷ്കരിച്ച് ഓഫിസ് ഉപരോധിച്ചു. യോഗതീരുമാനത്തിന്റെ പകർപ്പ് പലതവണ ആവശ്യപ്പെട്ടിട്ടും നൽകാത്തത് തിങ്കളാഴ്ച കൂടിയ യോഗത്തിൽ ചോദ്യം ചെയ്തിരുന്നു. അനുകൂല മറുപടി കിട്ടാത്തതിൽ പ്രതിഷേധിച്ചാണ് എൽ.ഡി.എഫ് അംഗങ്ങൾ യോഗത്തിൽനിന്ന് ഇറങ്ങിപ്പോയത്. തുടർന്നായിരുന്നു ഉപരോധം. മൈക്കിലൂടെ അജണ്ടകൾ വായിച്ച് യോഗം അവസാനിച്ചതായി പ്രസിഡന്റ് അറിയിച്ചു. എൽ.ഡി.എഫ് അംഗങ്ങൾ നൽകുന്ന പല വിയോജന കുറിപ്പുകളും മിനിറ്റ്സിൽ രേഖപ്പെടുത്തുന്നില്ലെന്നും തീരുമാനങ്ങളിൽ പലതിരുത്തലും വരുത്തുന്നതായും പഞ്ചായത്ത് സെക്രട്ടറിയും പ്രസിഡന്റിനോടൊപ്പം ചേർന്ന് തീരുമാനങ്ങൾ അട്ടിമറിക്കുകയാണെന്നും അംഗങ്ങൾ ആരോപിച്ചു. ഉപരോധം പഞ്ചായത്ത് അംഗം രാഗേഷ് കണിയാംപറമ്പിൽ ഉദ്ഘാടനം ചെയ്തു. അംഗങ്ങളായ ഷേളി റാഫി, ഷാനി അനിൽകുമാർ, ബിന്ദു സതീഷ്, സിമി പ്രദീപ്, സിജു പച്ചാംമ്പുള്ളി എന്നിവർ സമരത്തിന് നേതൃത്വം നൽകി.