തൃശ്ശൂർ: എസ്.എസ്.എൽ.സി പരീക്ഷ അവസാനിക്കുന്ന മാർച്ച് 26ന് കുട്ടികളുടെ ആഹ്ലാദ പ്രകടനങ്ങൾ അതിരുവിട്ട് പോകാതിരിക്കാൻ ജാഗ്രതാ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിച്ചു. തൃശ്ശൂർ കോർപ്പറേഷൻ പരിധിയിൽപ്പെട്ട ചില സ്‌കൂളുകളിൽ കുട്ടികൾ തമ്മിലുളള അടിപിടിയും അനിഷ്ടസംഭവങ്ങളും വർധിച്ചുവരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പുലർത്താൻ പ്രിൻസിപ്പൽമാർക്കും പ്രധാനാധ്യാപകർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. ജില്ലയിൽ പ്രശ്‌ന സാധ്യതയുള്ള അഞ്ച് സ്‌കൂളുകളെ പ്രത്യേകം തിരിച്ചറിഞ്ഞിട്ടുണ്ട്. മുൻ വർഷങ്ങളിൽ പല സ്‌കൂളുകളിലും ഫർണിച്ചർ, ഫാൻ തുടങ്ങിയവ നശിപ്പിക്കുക, പടക്കം പൊട്ടിക്കുക, തമ്മിൽ തല്ലുണ്ടാക്കുക, വാഹനങ്ങൾക്കു കേടുപാടുകൾ ഉണ്ടാക്കുക തുടങ്ങിയ പ്രവണതകൾ ഉണ്ടായിരുന്നു. ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും. സ്‌കൂൾ ഗേറ്റിനുപുറത്ത് തൊട്ടടുത്ത പോലീസ് സ്റ്റേഷനിൽ നിന്നുളള സംരക്ഷണമുണ്ടാകും. പരീക്ഷ അവസാനിക്കുന്ന സമയത്ത് സ്‌കൂളുകളിലെത്താൻ എല്ലാ സ്‌കൂളുകളിലേയും പി.ടി.എ. എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. അമിത ആഹ്ലാദപ്രകടനങ്ങൾ നടത്തി സ്‌കൂൾ സാമഗ്രികൾ നശിപ്പിച്ചാൽ, ചെലവു മുഴുവൻ രക്ഷിതാവിൽ നിന്നും ഈടാക്കിയ ശേഷമേ വിടുതൽ സർട്ടിഫിക്കറ്റുകൾ നൽകുകയുളളൂവെന്നും ഡി.ഇ.ഒ അറിയിച്ചു. ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ നേതൃത്വത്തിലുളള മൂന്ന് പ്രത്യേക സ്‌ക്വാഡുകൾ ജില്ലയിൽ ഉടനീളം പരിശോധന നടത്തിവരുന്നു. ഇതുവരെ നടന്ന പരീക്ഷകളിലൊന്നും തന്നെ ക്രമക്കേടുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ വർഷം പരീക്ഷാ ഹാളിൽ ഇൻവിജിലേറ്റർമാരായ ചില അധ്യാപകരിൽ നിന്നും മൊബൈൽ പിടിച്ചെടുത്തതിനെതുടർന്ന് അച്ചടക്ക നടപടികൾ സ്വീകരിച്ചിരുന്നു. എന്നാൽ, ഈ വർഷം മൊബൈൽ ഫോണിന്റെ കാര്യത്തിൽ അധ്യാപകർ ജാഗ്രത പുലർത്തിയതായി ഡി.ഇ.ഒ വിലയിരുത്തി. തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിൽ 89 പരീക്ഷാകേന്ദ്രങ്ങളിലായി ആകെ 9,945 കുട്ടികളാണ് ഇക്കൊല്ലം പരീക്ഷയെഴുതുന്നത്.
*ഫ്രെഞ്ച്, ജർമൻ കോഴ്‌സുകൾ*
മാവേലിക്കര ഐ.എച്ച്.ആർ.ഡി കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ജർമ്മൻ എ1 ലെവൽ, ഫ്രഞ്ച് എ1 ലെവൽ എന്നീ കോഴ്‌സുകൾ ഓൺലൈനായി നടത്തുന്നു. ഏപ്രിൽ മൂന്നിന് ആരംഭിക്കുന്ന കോഴ്‌സിൽ ചേരാൻ താത്പര്യമുള്ളവർക്ക് ഫീസടച്ച് രജിസ്റ്റർ ചെയ്യാം. ഫോൺ- 9495069307, 8547005046, 9526743283