തൃപ്രയാർ: നാട്ടിക കടപ്പുറത്തും പരിസര പ്രദേശങ്ങളിലുമായി മത്സ്യലഭ്യതയുടെ കുറവുമൂലം ചെറുവഞ്ചികളിലും വള്ളങ്ങളിലും കടലിൽ പോവാൻ കഴിയാതെ പ്രതിസന്ധിയിലായ നാട്ടികയിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് സഹായവുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി. തൻറെ ജന്മനാട് കൂടിയായ നാട്ടികയിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങൾ റമദാൻ മാസത്തിൽ പോലും ബുദ്ധിമുട്ടുന്ന വാർത്ത പത്ര മാധ്യമങ്ങളിലൂടെ ശ്രദ്ധയിൽപ്പെട്ട എം.എ യൂസഫലി 150ൽ അധികം കുടുബങ്ങൾക്കാണ് ജാതി മത ഭേദമന്യേ ഭക്ഷണ കിറ്റുകൾ തൃപ്രയാർ വൈr മാളിൽ നിന്നും മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് എത്തിച്ചു നൽകിയത്. ചെറിയ പെരുന്നാളും വിഷുവും അടുത്ത് വരുന്നതിനാൽ വിഷമിക്കുന്നവർക്ക് കൈത്താങ്ങാകേണ്ട സമയമെന്ന സന്ദേശം കൂടി പങ്കുവച്ചായിരുന്നു റംസാൻ മാസത്തിലെ ഈ കരുതൽ.
ഭക്ഷ്യ ധാന്യ കിറ്റുകൾക്ക് പുറമെ പെരുന്നാൾ വിഷുക്കോടിക്കായി 150 കുടുംബങ്ങൾക്ക് സാമ്പത്തിക സഹായമായി കൈനീട്ടവും നൽകി, പ്രതിസന്ധി സമയത്ത്, എം.എ യൂസഫലിയുടെ കരുതൽ പെരുന്നാൾ വിഷു കാലത്ത് ആശ്വാസമാകുമെന്ന് മത്സ്യത്തൊഴിലാളികൾ പ്രതികരിച്ചു. മത സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരുടെ സാന്നിദ്ധ്യത്തിൽ എം.എ യൂസഫലിക്കു വേണ്ടി സെക്രട്ടറി ഇ .എ ഹാരിസ്, നാട്ടിക ജുമാ മസ്ജിദ് ഖത്തീബ് കബീർ ഫൈസി ചെറുക്കോട്, നാട്ടിക ആരിക്കിരി ഭഗവതി ക്ഷേത്ര തന്ത്രി ഹരീഷ് തിരുമേനി എന്നിവർ ചേർന്ന് ഭക്ഷ്യ ധാന്യ കിറ്റും പെരുന്നാൾ-വിഷു കൈനീട്ടവും മത്സ്യത്തൊഴിലാളികൾക്ക് കൈമാറി. വൈ ഫൗണ്ടേഷൻ മാനേജർ ഇഖ്ബാൽ, പ്രോഗ്രാം കോർഡിനേറ്റർ പി എം സിദ്ദിഖ്, കൊടിയമ്പുഴ ദേവസ്വം പ്രസിഡന്റ് നാരായണൻ, അനിൽ പുളിക്കൽ, മത്സ്യ തൊഴിലാളികൾ ,നിരവധി മത്സ്യ തൊഴിലാളി കുടുംബങ്ങൾ തുടങ്ങിയവർ ചടങ്ങിൽ ഭാഗമായി.