ചേർപ്പ്: പെരുവനം ആറാട്ടുപുഴ പൂരങ്ങളുടെ ആചാര്യ സ്ഥാനം അലങ്കരിക്കുന്ന ചാത്തക്കുടം ശാസ്താവിന്റെ പൂരങ്ങൾക്കുള്ള ആന ചമയങ്ങൾ ഒരുങ്ങുന്നു. ശാസ്താവിൻ്റെ കോലം 10 ഗ്രാം സ്വർണ്ണം പൂശി പുതുക്കി സമർപ്പിക്കുന്നു കൂടാതെ പുതിയ വണ്ടോട് തലേക്കെട്ട്, പട്ടുകുടകൾ എന്നിവ വഴിപാടായി സമർപ്പിക്കുന്നു ,നവീകരിച്ച കുടകൾ, മണികൂട്ടം എന്നിവ ഭക്തർ കൊടിയേറ്റ ദിവസം സമർപ്പിക്കും. ചമയങ്ങൾ തൃശൂർ ഒളരി സന്തോഷ് ജോർജിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു. പരമ്പരാഗതമായ നെറ്റിപ്പട്ടങ്ങളിലെ എല്ലാം വൈവിദ്ധ്യങ്ങളും ചാത്തക്കുടം ശാസ്താവിന്റെ എഴുന്നേള്ളിപ്പുകളിൽ ദൃശ്യമാവും. ശാസ്താവിന്റെ തിടമ്പറ്റുന്ന ഗജവീരന് അപൂർവമായ പാലക്കാ ചൂരപ്പൊളി നെറ്റിപ്പട്ടമാണ് അണിയുക. കൂട്ടാനകൾക്ക് ചൂരപ്പൊളി നെറ്റിപ്പട്ടവും, രണ്ടാം കൂട്ടിനു നാഗപടം നെറ്റിപ്പട്ടവും, മൂന്നാം കൂട്ടിനു വണ്ടോടു നെറ്റിപ്പട്ടവും അണിയിക്കും. ചമയ- ദ്രവ്യ സമർപ്പണം ഏപ്രിൽ – 3 ന് വൈകീട്ട് കൊടിയേറ്റത്തിനു ശേഷം കിഴക്കേ നടയിൽ നടക്കും.