ചേർപ്പ്: ആറാട്ടുപുഴ പൂരത്തിന്റെ ആതിഥേയനായ ആറാട്ടുപുഴ ശാസ്താവിന് മേളപ്രമാണിമാർ നിറപറയും നെയ്യും സമർപ്പിച്ചു. പെരുവനം കുട്ടൻ മാരാർ, പെരുവനം സതീശൻ മാരാർ, കീഴൂട്ട് നന്ദനൻ, പെരുവനം ഗോപാലകൃഷ്ണൻ, കുമ്മത്ത് നന്ദനൻ, കുമ്മത്ത് രാമൻകുട്ടി നായർ എന്നിവരാണ് ക്ഷേത്രത്തിൽ എത്തി നിറപറ, നെയ്യ് സമർപ്പണങ്ങൾ നടത്തിയത്. പെരുവനം പൂരത്തിനും തറക്കൽ പൂരത്തിനുംഉരുട്ടു ചെണ്ടയിൽ പെരുവനം കുട്ടൻമാരാരും തിരുവാതിര വിളക്കിനും ആറാട്ടുപുഴ പൂരത്തിനും ഉരുട്ടു ചെണ്ടയിൽ പെരുവനം സതീശൻ മാരാരും പ്രമാണിമാരാകും.
കുറുങ്കഴലിൽ കീഴൂട്ട് നന്ദനനും വലന്തലയിൽ പെരുവനം ഗോപാലകൃഷ്ണനും കൊമ്പിൽ കുമ്മത്ത് രാമൻകുട്ടി നായരും ഇലത്താളത്തിൽ കുമ്മത്ത് നന്ദനനും ശാസ്താവിന്റെ എല്ലാ മേളങ്ങളിലും പ്രമാണിമാരാകും.പ്രസിഡൻറ് രവി ചക്കോത്ത്, സെക്രട്ടറി കെ. രഘുനന്ദനൻ, യു. അനിൽകുമാർ, പി.ആർ. പവിദാസ്, മധു മംഗലത്ത്, കെ.കെ. വേണുഗോപാൽ എന്നിവർ ഭാരവാഹികളായ ആറാട്ടുപുഴ ഉത്സവാഘോഷ കമ്മറ്റി അംഗങ്ങൾ പ്രമാണിമാരെ സ്വീകരിച്ചു. 9 നാണ് ആറാട്ടുപുഴ പൂരം.