തിരുവനന്തപുരം: എസ്.എസ്.എൽ.സി, ഒന്നും രണ്ടും വർഷ ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ പരീക്ഷകളുടെ മൂല്യനിർണയം വ്യാഴാഴ്ച തുടങ്ങും. 72 കേന്ദ്രീകൃത ക്യാമ്പുകളിലായി എസ്.എസ്.എൽ.സി ഉത്തരക്കടലാസുകളുടെ മൂല്യനിർണയം രണ്ട് ഘട്ടങ്ങളിലായി നടത്തും. ആദ്യഘട്ടം ഏപ്രില്‍ മൂന്ന് മുതൽ ഏപ്രില്‍ 11 വരെ എട്ട് ദിവസവും രണ്ടാംഘട്ടം ഏപ്രില്‍ 21 മുതൽ 26 വരെ ആറ് ദിവസവുമായി നടക്കും. 4,27,021 വിദ്യാർഥികളാണ് റെഗുലർ വിഭാഗത്തിൽ എസ്.എസ്.എൽ.സി പരീക്ഷ എഴുതിയത്. മേയ് രണ്ടാംവാരത്തോടെ എസ്.എസ്.എൽ.സി ഫലം പ്രസിദ്ധീകരിക്കും. രണ്ടാംവർഷ ഹയർ സെക്കൻഡറി, ഒന്നാംവർഷ ഹയർ സെക്കൻഡറി ഇംപ്രൂവ്മെന്‍റ്/സപ്ലിമെന്‍ററി, ഒന്നാംവർഷ ഹയർ സെക്കൻഡറി പരീക്ഷകളുടെ മൂല്യനിർണയം 89 കേന്ദ്രങ്ങളിലായാണ് ആരംഭിക്കുന്നത്. മേയ് 15 വരെ ക്യാമ്പ് നീളും. വിഷുദിനമായ ഏപ്രിൽ 14, പെസഹ വ്യാഴം, ദുഃഖ വെള്ളി ദിനങ്ങളായ ഏപ്രിൽ 17, 18 തീയതികളിൽ ഹയർ സെക്കൻഡറി മൂല്യനിർണയ ക്യാമ്പിന് അവധിയായിരിക്കും. ആദ്യദിനം മൂല്യനിർണയത്തിനായി തയാറാക്കിയ ഉത്തരസൂചികകളുടെ പരിശോധനയും ചർച്ചയുമായിരിക്കും. വെള്ളിയാഴ്ച മുതലായിരിക്കും മൂല്യനിർണയം തുടങ്ങുക. ആദ്യം ഒന്നാംവർഷ ഇംപ്രൂവ്മെന്‍റ്/സപ്ലിമെന്‍ററി പരീക്ഷയുടെ മൂല്യനിർണയമായിരിക്കും നടക്കുക. ഏപ്രിൽ 14നകം മൂല്യനിർണയം പൂർത്തിയാക്കി 22നകം ഇംപ്രൂവ്മെന്‍റ്/സപ്ലിമെന്‍ററി ഫലം പ്രസിദ്ധീകരിക്കാനാണ് ശ്രമം. സമാന്തരമായി രണ്ടാംവർഷ പരീക്ഷകളുടെ മൂല്യനിർണയവും നടത്തും. മേയ് മൂന്നാംവാരത്തിൽ രണ്ടാംവർഷ ഫലം പ്രസിദ്ധീകരിക്കും. 4,44,693 പേരാണ് രണ്ടാംവർഷ ഹയർ സെക്കൻഡറി പരീക്ഷ എഴുതിയത്. 4,13,417 വിദ്യാർഥികളാണ് ഒന്നാംവർഷ ഹയർ സെക്കൻഡറി പരീക്ഷ എഴുതിയത്. 316299 പേരാണ് ഇംപ്രൂവ്മെന്‍റ്/ സപ്ലിമെന്‍ററി പരീക്ഷ എഴുതിയത്. 28587 വിദ്യാർഥികൾ രണ്ടാംവർഷ വി.എച്ച്.എസ്.ഇ പരീക്ഷയും എഴുതിയിട്ടുണ്ട്.