വാടാനപ്പള്ളി: പഞ്ചായത്തിലെ ചേലോട് പ്രദേശത്ത് കുടിവെള്ളക്ഷാമം രൂക്ഷം. 20 ഓളം കുടുംബങ്ങളാണ് കുടിവെള്ളം കിട്ടാതെ വലയുന്നത്. മാസങ്ങളായി ടാപ്പുകളിൽ വെളളം വരാറില്ല. പഞ്ചായത്തിന്റെ വാലറ്റ പ്രദേശമായതിനാൽ വെള്ളം എത്തുവാൻ സാങ്കേതിക തടസ്സമുണ്ടെന്നാണ് അധികൃതരുടെ ഭാഷ്യം. പ്രശ്നപരിഹാരത്തിനായി കുടിവെള്ളം ലഭിക്കാത്ത വീട്ടുകാർ താമസിക്കുന്ന സ്ഥലത്തുനിന്ന് ഏകദേശം 150 മീറ്റർ വടക്കുഭാഗം സ്ഥിതിചെയ്യുന്ന അഞ്ച് ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള, ചാവക്കാട്ടേക്ക് കുടിവെള്ളം വിതരണം ചെയ്യുന്ന ടാങ്കിൽനിന്ന് ഒരു വാൾവ് വെച്ച് നിലവിൽ കുടിവെള്ളം എത്താത്ത വീട്ടുകാർക്ക് കുടിവെള്ളം വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് ജലവിഭവ മന്ത്രിക്ക് മുരളി പെരുനെല്ലി എം.എൽ.എ മുഖേന ചേലോട് റെസിഡൻസ് അസോസിയേഷൻ ഭാരവാഹികളായ ജയതിലകൻ ചാളിപ്പാട്, കാദർ ചേലോട്, ആനന്ദൻ എന്നിവർ നിവേദനം നൽകി.