പെരിങ്ങോട്ടുകര: മാലിന്യ മുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി അന്തിക്കാട് ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള 5 പഞ്ചായത്തുകളും മാലിന്യ മുക്ത പഞ്ചായത്തുകളായി മാറി. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് തല മാലിന്യ മുക്ത പ്രഖ്യാപനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ കെ ശശിധരൻ നിർവ്വഹിച്ചു.കെ രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡൻ്റ് സിന്ധു ശിവദാസ്, ജില്ല പഞ്ചായത്ത് അംഗം വി എൻ സുർജിത്ത്, അരിമ്പൂർ, മണലൂർ, അന്തിക്കാട്, താന്ന്യം, പഞ്ചായത്ത് പ്രസിഡൻ്റുമാരായ സ്മിത അജയകുമാർ, സൈമൺ തെക്കത്ത്, ജീന നന്ദൻ, ശുഭ സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സി കെ കൃഷ്ണകുമാർ, പി കെ സീനത്ത് എന്നിവർ സംസാരിച്ചു. പ്രഖ്യാപനത്തിൻ്റെ മുന്നോടിയായി അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് ഓഫിസും പരിസരവും ഉദ്യോഗസ്ഥരും ജനപ്രതിനിഥികളും ശുചീകരിച്ചു. കൂടാതെ ബ്ലോക്ക് പഞ്ചായത്തിന് സമീപമുള്ളതും താന്ന്യം ഗ്രാമ പഞ്ചായത്തിൻ്റെ അധീനതയിലുള്ളതുമായ മലിനമായി കിടന്നിരുന്ന കാന താന്ന്യം പഞ്ചായത്തും അന്തിക്കാട് ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി തൊഴിലാളികളുടെയും മെഷിൻറെയും സഹായത്തോടുകൂടി വൃത്തിയാക്കിയി. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്തിൻ്റെ കുടുംബാരോഗ്യ കേന്ദ്രവും ബഡ്സ് സ്‌കൂളും മാതൃകാപരമായ രീതിയിൽ മാലിന്യമുക്തമാക്കി. ബ്ലോക്ക്’ കോംമ്പൗണ്ടിൽ അജൈവ മാലിന്യങ്ങൾ ശേഖരിക്കുന്നതിന് ഹരിത വണ്ടി എന്ന പേരിൽ മിനി എം.സി.എഫ് സ്ഥാപിച്ചു.. ജൈവ മാലിന്യങ്ങൾ സംസ്‌കരിക്കുന്നതിനായി മുമ്പ് തുമ്പൂർമുഴി മോഡൽ മാലിന്യ സംസ്കരണ കേന്ദ്രം സ്ഥാപിച്ചിട്ടുണ്ട്. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് ഓഫിസും പരിസരവും ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ച് പ്രവർത്തിച്ചു വരുന്നു. ബ്ലോക്ക് കോംമ്പൗണ്ടിലെ മലിന ജലം ശുചീകരിക്കുന്നതിന് ഗ്രേ വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാൻ്റ് സ്ഥാപിക്കുന്നതിനുള്ള പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്.