തൃപ്രയാർ: ആറാട്ടുപുഴ പൂരത്തിനു മുന്നോടിയായുള്ള തൃപ്രയാർ തേവരുടെ ചരിത്രപ്രസിദ്ധമായ മകീര്യം പുറപ്പാട് ഭക്തിനിർഭരമായി. പകൽ 1.10 നും 2.30 നുമിടയിലായിരുന്നു തേവരുടെ പുറപ്പാട്. ക്ഷേത്രം ഊരായ്മക്കാറായ ജ്ഞാനപ്പിള്ളി പുന്നപ്പിള്ളി, ചേലൂർ മനകളിലെ തിരുമേനിമാർ കുളിച്ചു മണ്ഡപത്തിൽ വന്നിരുന്ന് മേൽശാന്തി ചെറുമുക്ക് മന മാധവൻ നമ്പൂതിരിക്ക് തേവരെ എഴുന്നള്ളിക്കുന്നതിനുള്ള അനുമതി നൽകി. തുടർന്ന് തൃക്കോൽ ശാന്തി വന്നേരിപ്പറമ്പ് മഠത്തിലെ രതീഷ് എമ്പ്രാന്തിരി തേവരുടെ തിടമ്പ് മണ്ഡപത്തിലേക്ക് എഴുന്നള്ളിച്ചു.
ഈ സമയങ്ങളിൽ കതിന വെടികൾ മുഴക്കി. തുടർന്ന് മണ്ഡപത്തിൽ ബ്രാഹ്മണിപ്പാട്ടും പറയും നടന്നു. നാളിശ്ശേരി പട്ടത്ത് പത്മിനി ബ്രാഹ്മണിയമ്മ ബ്രാഹ്മണിപ്പാട്ടിന് നേതൃത്വം നൽകി. തുടർന്ന് സങ്കടക്കാരുടെ പ്രാർഥനകൾ കേട്ട ശേഷം തേവർ പുറത്തേക്ക് എഴുന്നള്ളി. തിടമ്പ് ഘടിപ്പിച്ച സ്വർണക്കോലം ദേവസ്വം ശിവകുമാറിൻ്റെ പുറത്തു കയറ്റി. മച്ചാട് കർണ്ണൻ, മച്ചാട് ഗോപാലൻ എന്നീ ഗജവീരൻമാർ ഇരുപുറങ്ങളിലും അകമ്പടിയായി. മൂന്ന് ആനകളോടെ ക്ഷേത്രത്തെ വലം വച്ച ശേഷം രണ്ട് നടപ്പുരകളിലും ഇരട്ട ശംഖനാദം മുഴക്കി അഞ്ച് ആനകളുടെ അകമ്പടിയോടെ തേവർ സേതു കുളത്തിൽ ആറാട്ടിന് പുറപ്പെട്ടു. സേതു കുളത്തിൽ ആറാട്ടു കഴിഞ്ഞ് തിരിച്ചെഴുന്നള്ളിയ തേവർ പടിപ്പുരക്കൽ പടിക്കൽ ആദ്യ പറ സ്വീകരിച്ചു പാണ്ടിമേളത്തോടെ ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നള്ളി. മേളത്തിന് പെരുവനം സതീശൻ മാരാർ പ്രാമാണികത്വം വഹിച്ചു. പടിഞ്ഞാറെ നടയിലെ നടപ്പന്തലിൽ മേളം കൊട്ടിക്കലാശിച്ചു ക്ഷേത്രത്തിലേക്ക് തിരിച്ച് എഴുന്നള്ളി. പടിഞ്ഞാറെ നടപ്പുരയിൽ പൊതുവാളസ്യാർ തേവരെ അക്ഷതമർപ്പിച്ച് യാത്രയാക്കുകയും എതിരേൽക്കുകയും ചെയ്തു. പൂരം പുറപ്പാട് ദിവസം ക്ഷേത്രം ഊട്ടുപുരയിൽ ഒരുക്കിയ അന്ന ഭാഗത്തിൽ നൂറുകണക്കിന് ഭക്തർ പങ്കെടുത്തു. രാത്രി തേവർക്ക് മണിക്കിണറിനു സമീപം ചെമ്പിലാറാട്ടും നടത്തി. ഇന്ന് രാവിലെ തേവർ പടിഞ്ഞാറെ നടക്കൽ പൂരത്തിന് ആനകളോടെ എഴുന്നള്ളും. പഞ്ചാരി മേളത്തിനു ശേഷം ക്ഷേത്രക്കുളത്തിൽ ആറാട്ടും നടക്കും വൈകിട്ട് തേവർ കാട്ടൂർ പൂരത്തിനു എഴുന്നള്ളും വൈകീട്ടത്തെ നിയമ വെടി എടത്തിരുത്തി പാടത്തായിരിക്കും മുഴക്കുക.