കാഞ്ഞാണി: വീടിൻ്റെ ട്രസ് വർക്ക് ചെയ്ത ഭാഗത്തെ തകിട് ഷീറ്റുകൾ അയൽവാസി നശിപ്പിച്ചെന്ന് കാണിച്ച് എറവ് ആറാംകല്ല് സ്വദേശി പൂവ്വശ്ശേരി സുരേഷ് നൽകിയ പരാതിയിൽ നടപടി ഉണ്ടായില്ലെന്ന് ആക്ഷേപം. ഇതു സംബന്ധിച്ച് ജില്ലാ കളക്ടർക്കും ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി.ക്കും സുരേഷ് പരാതി നൽകി. സ്പ്രേ പെയിൻ്റിങ്ങ് തൊഴിലാളിയായ സുരേഷിൻ്റെ വീടിൻ്റെ വശത്തുള്ള ട്രസ് വർക്കിൻ്റെ ഭാഗമായ തകിട് ഷീറ്റുകൾ, പാത്തികൾ എന്നിവ അയൽവാസി നശിപ്പിച്ചതായി കാണിച്ച് അന്തിക്കാട് പോലീസിൽ ജനുവരി മാസത്തിൽ പരാതി നൽകിയിരുന്നു. കുറച്ച് ദിവസങ്ങൾക്ക് ശേഷം എസ്ഐ സ്ഥലം സന്ദർശിച്ച ശേഷം ഇരുകൂട്ടരെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. വീടിൻ്റെ കേടുവരുത്തിയ ഭാഗം അയൽവാസി 15 ദിവസത്തിനുള്ളിൽ നന്നാക്കി കൊടുക്കാമെന്ന് സമ്മതിച്ച് എസ്ഐയുടെ മധ്യസ്ഥതയിൽ ഒത്തുത്തീർപ്പാക്കി ഒപ്പിട്ടു നൽകി. എന്നാൽ പറഞ്ഞ കാലാവധി കഴിഞ്ഞിട്ടും വീടിൻ്റെ കേടുപാടുകൾ തീർക്കാൻ അയൽവാസിയുടെ ഭാഗത്തുനിന്ന് ശ്രമം ഉണ്ടായില്ലെന്നും, ഇക്കാര്യം പോലീസ് സ്റ്റേഷനിൽ അറിയിച്ചപ്പോൾ അയൽവാസി ഫോൺ എടുക്കുന്നില്ല എന്നും മറ്റും പറഞ്ഞ് പ്രശ്നത്തിൽ നിന്ന് പോലീസ് ഒഴിഞ്ഞു മാറുകയാണ് എന്നാണ് സുരേഷിന്റെ പരാതി. തുടർന്നാണ് നീതി തേടി സുരേഷ് കളക്ടർക്കും ഇരിഞ്ഞാലക്കുട ഡിവൈഎസ്പിക്കും പരാതി നൽകിയത്.