News One Thrissur
Updates

തൃപ്രയാർ തേവർ ബ്ലാഹയിൽ ആറാടി; നാളെ പൈനൂർ പാടത്ത് ചാലുകുത്തും.

തൃപ്രയാർ: തേവർക്ക് ശനിയാഴ്ച രാവിലെ ബ്ലാഹയിൽ കണ്ടമ്പുള്ളിചിറയിൽ ആറാട്ട് നടന്നു. വൈകിട്ട് തേവർ നിയമ വെടിക്കു ശേഷം നാട്ടിക ചേർക്കരക്കടുത്ത് കുറുക്കൻ കുളത്തിൽ ആറാട്ടിനെഴുന്നള്ളി. ആറാട്ടുകടവിൽ കുറുക്കൻ വിളിയും നടന്നു. അയിത്താചരണം നിലനിന്നിരുന്ന കാലത്ത് സവർണ വിഭാഗത്തിൽപ്പെട്ടവരെ അവർണരിൽ ഒരു വിഭാഗം കുറുക്കനെന്നു ചേർത്ത് വിളിച്ചു പരിഹസിച്ച കുറുക്കൻ കുളം സംഭവത്തെ അനുസ്മരിച്ചു കൊണ്ടാണ് കുറുക്കൻ വിളി. തേവർ കുളത്തിനു സമീപം എത്തുന്നതോടെ പരസ്പരം പേരിനൊപ്പം കുറുക്കനെന്നു കൂടി ചേർത്തുള്ള വിളി നടത്തി. ആർക്കും ഇതിൽ പരിഭവവും പരാതിയും പതിവില്ല. ആറാട്ടിനു ശേഷം തേവർ തിരികെ ക്ഷേത്രത്തിലേക്ക് എഴുന്നള്ളുകയും ചെയ്തു. ഞായറാഴ്ച തേവർ കൃഷിയിറക്കുന്നതിനുള്ള അനുമതി തേടി പൈനൂർപാടത്ത് ചാലുകുത്തൽ നടത്തും. രാവിലെ വലപ്പാട് വെന്നിക്കൽ ക്ഷേത്രത്തിൽ പറയ്ക്കും കോതകുളത്തിൽ ആറാട്ടിനും തേവർ പുറപ്പെടും. മകീര്യം പുറപ്പാടിന് വെന്നിക്കൽ നിന്നുള്ള അരിയും നാളികേരവും കൊണ്ടു വന്നില്ലേ? എന്നത് ഊരായ്മക്കാർ മേൽശാന്തിയോട് ചോദിക്കുന്ന ചോദ്യങ്ങളിൽ ഒന്നാണ്. ഇത് വെന്നിക്കൽ ക്ഷേത്രവുമായുള്ള തേവരുടെ ബന്ധത്തെ സൂചിപ്പിക്കുന്നതാണ്. വെന്നിക്കലിൽ ചെറിയ തോതിൽ കല്ലേറും കോത കുളത്ത് ആറാട്ടും നടക്കും. തുടർന്ന് പൈനൂരിൽ നിശ്ചിത സ്ഥലത്ത് തേവരെ എഴുന്നുള്ളിക്കുന്ന രവിപുരം ഗോവിന്ദൻ എന്ന ആന പാടത്തിറങ്ങി നിശ്ചിത സ്ഥലത്ത് കൊമ്പു കൊണ്ട് ചാലുകുത്തൽ നടത്തും. കൊമ്പിൽ കോർത്തെടുക്കുന്ന മണ്ണ് പ്രസാദമായി ഭക്തർക്ക് വിതരണം ചെയ്യും അത് കൃഷിയിടത്തിൽ വിതറിയാൽ കൂടുതൽ വിളവു കിട്ടുമെന്നാണ് വിശ്വാസം. വൈകീട്ട് തേവർ രാമൻകുളം ആറാട്ടിനും ഇല്ലങ്ങളിൽ പൂരത്തിനും എഴുന്നള്ളും. വൈകുന്നേരത്തെ നിയമ വെടി കൊളത്തേക്കാട്ട് പടിക്കലാണ് മുഴക്കുക.

Related posts

വീട് പണി പൂർത്തിയായിട്ടും വൈദ്യുതി ബില്ലിൽ നിർമ്മാണ താരിഫ് ഈടാക്കി; തളിക്കുളം സ്വദേശിയുടെ പരാതിയിൽ കെ എസ്.ഇ.ബി ക്കെതിരെ ഉപഭോക്തൃ കോടതി വിധി.

Sudheer K

പെരിങ്ങോട്ടുകര വാഹനാപകടം: പരിക്കേറ്റ കാഞ്ഞാണി സ്വദേശി മരിച്ചു. 

Sudheer K

റിസർവ് വന നോട്ടിഫിക്കേഷൻ റദ്ദാക്കി പെരിങ്ങാട് പുഴയെ സംരക്ഷിക്കണം: സിപിഐഎം

Sudheer K

Leave a Comment

error: Content is protected !!