തൃപ്രയാർ: പൂർണമായും തകർന്ന റോഡിൽ വാഴ നട്ട് കോൺഗ്രസ് പ്രതിഷേധം. നാട്ടിക ഗ്രാമ പഞ്ചായത്ത് ആറാം വാർഡിൽ ബ്ലോക്ക് ഓഫിസിനു സമീപത്തെ മുറ്റിച്ചൂർ റോഡിലാണ് വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചത്. ദിവസവും നൂറുകണക്കിന് വാഹനങ്ങളും യാത്രക്കാരും ആശ്രയിക്കുന്ന റോഡിൽ നിറയെ കുഴികളാണ്. രാത്രിയിൽ അപകട സാധ്യത ഏറെയാണ്. കുഴിയിൽ വീണ് വാഹന യാത്രികർ അപകടത്തിൽപ്പെടുന്നതും പതിവായി. നാട്ടിക ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് പി.ഐ ഷൗക്കത്തലി പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു.സി.പി.എം നേതൃത്വം നൽകുന്ന പഞ്ചായത്ത് – ബ്ലോക്ക് ഭരണസമിതികൾ ജനങ്ങൾക്ക് അധിക ഭാരമായിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. സ്വന്തം പാർട്ടിക്കാരും അണികളും പറഞ്ഞിട്ടു പോലും ജനങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയാത്ത ഒന്നിനും കൊള്ളാത്ത പഞ്ചായത്ത് ഭരണസമിതിയായി നാട്ടിക പഞ്ചായത്ത് മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസ് നാട്ടിക മണ്ഡലം പ്രസിഡന്റ് പി.എം സിദ്ദിഖ് അധ്യക്ഷനായി.നാട്ടിക ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി പി.സി മണികണ്ഠൻ, മഹിളാ കോൺഗ്രസ് നാട്ടിക മണ്ഡലം പ്രസിഡന്റ് റീന പത്മനാഭൻ, നാട്ടിക പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു പ്രദീപ്, കൃഷ്ണകുമാർ എരണെഴത്ത് വെങ്ങാലി സംസാരിച്ചു. ഇ.വി.ആർ രവീന്ദ്രൻ, ഇ.വി.കെ വത്സൻ, സതീഷ് വന്നേരി, അനീഷ് മാറാട്ട്, പ്രകാശൻ വല്ലത്ത്, പത്മിനി ചോമാട്ടിൽ, കെ.ആർ രാജൻ നേതൃത്വം നൽകി.
next post