തൃപ്രയാര്‍: മണപ്പുറം സമീക്ഷ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ നാട്ടിക ശ്രീനാരായണ ഹാളില്‍ മണപ്പുറം കലോത്സവം നടത്തും. സംസ്ഥാനതലത്തില്‍ ശ്രദ്ധേയമായ പ്രകടനം നടത്തിയ കുട്ടികളാണ് കലാപരിപാടികള്‍ അവതരിപ്പിക്കുന്നത്. മയക്കുമരുന്നിന്റെ വ്യാപനത്തിനെതിരെ കാമ്പയിന് പ്രവര്‍ത്തനവും സംഘടിപ്പിക്കും. മയക്കു മരുന്നിനെതിരായ ചിത്ര പ്രദര്‍ശനവും കാന്‍വാസ് ചിത്രരചനയും ഇതിന്റെ ഭാഗമായി നടത്തുന്നുണ്ടെന്നും പി. ഭാസ്കരന്റെ ജന്മശതാബ്ദിയുടെ ഭാഗമായി നടത്തിയ പി. ഭാസ്കരന് സ്മൃതി ഗാനാലാപന മത്സരവിജയികള്‍ക്ക് ചടങ്ങില്‍ കാഷ് അവാര്‍ഡും മെമന്റോയും സമര്‍പ്പിക്കും. തിങ്കളാഴ്ച രണ്ടരക്ക് നാട്ടിക എസ്.എന്‍ കോളജ് പ്രിന്‍സിപ്പൽ ഡോ. പി.എസ്. ജയ കലോത്സവം ഉദ്ഘാടനം ചെയ്യും. ദുബൈ ട്രാന്‍സ് ബള്‍ക്ക് ഇന്റര്‍നാഷനല്‍ ഷിപ്പിങ് കമ്പനി സി.ഇ.ഒ ഒ.വി. ഷാബു സമ്മാനവിതരണം നിര്‍വഹിക്കും. കലാപരിപാടികള്‍ക്ക് ജയചന്ദ്രന് വലപ്പാടും മയക്കുമരുന്നിനെതിരായ ചിത്രപ്രദര്‍ശനത്തിന് രവീന്ദ്രന് വലപ്പാടും നേതൃത്വം നല്‍കും. മയക്കുമരുന്നിനെതിരായ പ്രദര്‍ശനത്തിലെ ചിത്രങ്ങള്‍ തുടര്‍ പ്രവര്‍ത്തനത്തിനായി ജില്ല പൊലീസിന് കൈമാറുമെന്ന് സംഘാടകര്‍ അറിയിച്ചു. സംഘാടക സമിതി ചെയര്മാന് നാട്ടിക പഞ്ചായത്ത് പ്രസിഡന്റ് എം.ആര്. ദിനേശന്, ജനറൽ കണ്‍വീനര്‍ സി.ജി. അജിത്കുമാര്‍, സമീക്ഷ സെക്രട്ടറി ടി.എസ്. സുനില്‍കുമാര്‍, വി.ആര്. പ്രഭ, പി.എന്‍. സുചിന്ദ് എന്നിവരും വാർത്തസമ്മേളനത്തില്‍ പങ്കെടുത്തു.
previous post