അന്തിക്കാട്: ചെമ്മീൻ എന്ന വിശ്രുത മലയാള ചിത്രത്തിന്റെ അസോസിയേറ്റ് ഡയറക്ടർ ആയിരുന്ന ടി.കെ വാസുദേവന് ജന്മനാട് കണ്ണീരോടെ വിട നൽകി. തിങ്കൾ പകൽ 2 ന് വൻ ജനാവലിയുടെ സാനിധ്യത്തിൽ വീട്ടുവളപ്പിലായിരുന്നു സംസ്ക്കാരം. വേർപാടറിഞ്ഞ് സി.സി മുകുന്ദൻ എംഎൽഎ, സിപിഐഎം ജില്ല സെക്രട്ടറി കെ വി അബ്ദുൾ ഖാദർ ,ചലചിത്ര സംവിധായകരായ സത്യൻ അന്തിക്കാട്, ഷൈജു അന്തിക്കാട്, പ്രിയനന്ദനൻ, സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ, അഡ്വ.വി.എസ് സുനിൽകുമാർ, ജോസ് വള്ളൂർ, സുനിൽ അന്തിക്കാട്. തുടങ്ങി രാഷ്ട്രീയ ചലചിത്ര സാമൂഹിക സാംസ്ക്കാരിക രംഗത്തെ പ്രമുഖർ അന്തിക്കാട് കാളി ചാത്തൻ ക്ഷേത്ര സമീപത്തെവീട്ടിലെത്തി അന്ത്യാഞ്ജലിയർപ്പിച്ചു.
1960 കളിൽ മലയാള സിനിമയിൽ നിറ സാനിധ്യമായിരുന്നു ടി.കെ വാസുദേവൻ.രാമു കാര്യാട്ട്, കെ.എസ് സേതുമാധവൻ തുടങ്ങിയ മുൻനിര സംവിധായകരോടൊപ്പം നൂറോളം സിനിമകളിൽ സംവിധാന സഹായിയായിരുന്നു. തമിഴ് സിനിമയിലൂടെ ചലചിത്രരംഗത്തെത്തിയവാസുവേട്ടൻ മറ്റുചില മലയാള ചിത്രങ്ങളുടെ പുറകിലും പ്രവർത്തിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ജീവിതത്തെ ആസ്പദമാക്കി മണിലാൽ സംവിധാനം ചെയ്ത ഡോക്യുമെന്ററി ‘ബ്ലാക്ക് ആൻഡ് വൈറ്റ് ‘ സംസ്ഥാന സർക്കാർ അവാർഡിനർഹമായിട്ടുണ്ട്. രാമു കാര്യാട്ടിൻ്റെ ചെമ്മീൻ സിനിമയിൽ പ്രധാന സംവിധാന സഹായിയായിരുന്നു. പണിതീരാത്ത വീട്, കന്യാകുമാരി, രമണൻ, മയിലാടുംകുന്ന് തുടങ്ങി സിനിമകളിൽ പ്രവർത്തിച്ചു. കൽപാന്ത കാലത്തോളം എന്ന ഗാനം ഇദ്ദേഹത്തിൻ്റെ എൻ്റെ ഗ്രാമം എന്ന സിനിമയിലാണ്എംജിആർ, കമലഹാസൻ, സത്യൻ, പ്രേം നസീർ,തകഴി, സലിൽ ചൗധരി, വയലാർ തുടങ്ങിയ പ്രഗത്ഭരായ വരുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു.