ചേർപ്പ്: വയോധികനെ കൊല്ലാൻ ശ്രമിച്ച കേസിൽ നാലുപേർ അറസ്റ്റിൽ. ഊരകം കണ്ഠേശ്വരം കുന്നത്തുകാട്ടിൽ വീട്ടിൽ മണിയെ (73) മർദിച്ച് ഗുരുതരമായി പരിക്കേൽപിക്കുകയും ചൂളക്കട്ടകൊണ്ട് എറിഞ്ഞുകൊല്ലാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ കിഴുത്താണി സ്വദേശികളായ മേപ്പുറത്ത് വീട്ടിൽ വിഷ്ണുപ്രസാദ് (28), ആലക്കാട്ട് വീട്ടിൽ ബാസിയോ (28), വാക്കയിൽ വീട്ടിൽ സീജൻ (21), വടക്കൂട്ട് വീട്ടിൽ ആദർശ് (21) എന്നിവരെ ചേർപ്പ് പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാത്രി 8.45നാണ് സംഭവം. ഊരകം സെന്ററിൽ നിൽക്കുകയായിരുന്ന മണിയോട് കാറിൽ വന്ന പ്രതികൾ എന്തോ ചോദിച്ചപ്പോൾ മറുപടി പറയാത്തതിലുള്ള വൈരാഗ്യത്താൽ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ മണിയുടെ ഇടത് വാരിയെല്ലും അരക്കെട്ടിൽ ഇടത് ഭാഗത്തെ എല്ലും പൊട്ടി. മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതി വിഷ്ണുപ്രസാദിനെതിരെ ഇരിങ്ങാലക്കുട, ആളൂർ, കാട്ടൂർ, വിയ്യൂർ പൊലീസ് സ്റ്റേഷനുകളിൽ മൂന്നു വധശ്രമക്കേസ്, രണ്ടു കവർച്ചക്കേസ്, ഒരു പോക്സോ കേസ്, മൂന്ന് അടിപിടിക്കേസ് എന്നിവയുണ്ട്. ബാസിയോക്കെതിരെ കാട്ടൂർ പൊലീസ് സ്റ്റേഷനിൽ ഒരു അടിപിടിക്കേസുണ്ട്. ചേർപ്പ് പൊലീസ് ഇൻസ്പെക്ടർ രമേഷ്, സബ് ഇൻസ്പെക്ടർമാരായ സജിബാൽ, ജെയ്സൺ, സീനിയർ സി.പി.ഒമാരായ സിന്ധി, സതീഷ്, സി.പി.ഒമാരായ ഗോകുൽ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
previous post