തൃശൂർ: മണലൂരിൽ അയല്‍വാസികളായ യുവാക്കളെ വെട്ടി പരിക്കേല്‍പ്പിക്കുകയും ഒരാള്‍ കൊല്ലപ്പെടുകയും ചെയ്ത സംഭവത്തില്‍ പിതാവിനും മകനും ജീവപരന്ത്യം ശിക്ഷയും രണ്ട് ലക്ഷം രൂപ വീതം പിഴയും. മണലൂര്‍ ഉല്ലാസ് റോഡ് നിവാസികളായ തിരുത്തിയില്‍ വേലുക്കുട്ടി (67), മകന്‍ അനില്‍കുമാര്‍ (41) എന്നിവര്‍ക്കാണ് ശിക്ഷ വിധിച്ചത്. തൃശ്ശൂര്‍ ഒന്നാം അഡീഷണല്‍ ജില്ലാ ജഡ്ജ് ടി.കെ. മിനിമോള്‍ ആണ് പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ട് ശിക്ഷ വിധിച്ചത്. 2014 ഏപ്രില്‍ ഒന്നാം തീയതിയാണ് കേസിന ആസ്പദമായ സംഭവം. ഒന്നാം സാക്ഷി വാഹന അപകടത്തില്‍ മരണപ്പെട്ടുവെങ്കിലും മറ്റു തെളിവുകളുടെയും സാക്ഷികളുടെയും മൊഴിയില്‍ ആണ് പ്രതികള്‍ക്കതിരെ ശിക്ഷ വിധിച്ചത്.
പ്രതികളുടെ അയല്‍വാസിയായ റബീഷ്, ശോഭിത് എന്നിവര്‍ പ്രതികളുടെ വീടിന്റെ മുന്നിലൂടെ നടന്നു പോകുമ്പോൾ മുന്‍വൈരഗ്യത്തിന്റെ പേരില്‍ പ്രതികള്‍ ഇവരെ തടഞ്ഞുനിര്‍ത്തി അരിവാള്‍ കൊണ്ട് വെട്ടിയും അടിച്ചു ചവിട്ടിയും ക്രൂരമായി ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ ഇരുവര്‍ക്കും ഗുരുതരമായി പരിക്കേല്‍ക്കുകയും റബീഷ് ആശുപത്രിയില്‍ വച്ച് മരണപ്പെടുകയും ചെയ്തു. കഠിനമായി പരിക്കേറ്റ ശോഭിത്തിനെ ഐസിയുവില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. അന്തിക്കാട് പോലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചുത്. എന്നാല്‍ കോടതിയില്‍ തെളിവെടുക്കുന്നതിനു മുമ്പ് ശോഭിത് ഒരു വാഹന അപകടത്തില്‍ മരണപ്പെടുകയായിരുന്നു. ഇത് പ്രോസിക്യൂഷന് പ്രതിസന്ധിയായി യങ്കിലും യുവാക്കളുടെ കരച്ചില്‍ കെട്ട് ഓടിവന്ന സാക്ഷികളുടെ മൊഴിയും ശാസ്ത്രീയ തെളിവും സാഹചര്യ തെളിവുകളും പ്രതികളെ കുറ്റക്കാരനാണെന്ന് കണ്ടെത്തി തെളിയിക്കാന്‍ പ്രോസിക്യൂഷന് കോടതിയില്‍ കഴിഞ്ഞു. പ്രോസിക്യൂഷന്‍ ഭാഗത്തുനിന്നും18 സാക്ഷികളെയും 31 രേഖകളും പത്തോളം തൊണ്ടിമുതലും ഹാജരാക്കി. വിചാരണയുടെ അവസാനവേളയില്‍ ഒളിവില്‍ പോയ ഒന്നാം പ്രതിയെ കര്‍ണാടകയിലേക്ക് കടക്കാന്‍ ശ്രമിക്കുന്ന സമയത്ത് നിലമ്പൂര്‍ നിന്നും അറസ്റ്റ് ചെയ്യുകയും കോടതി റിമാന്‍ഡില്‍ പാര്‍പ്പിച്ച് വിചാരണ പൂര്‍ത്തിയാക്കുകയും ചെയ്തു. കൊലപാതകത്തിനു ജീവപരന്ത്യം കഠിന തടവിനു പുറമെ 2 ലക്ഷം രൂപ വീതം ഒരോ പ്രതികള്‍ക്കും ശിക്ഷ വിധിച്ച കോടതി ശോഭിതിനെ ആക്രമിച്ചതിനു പ്രതികളെ 5 കൊല്ലം കഠിന തടവിനും 50,000 രൂപ പിഴക്കും മറ്റു വിവിധ വകുപ്പുകളിലായി 10 മാസം തടവും 10 000 രൂപ പിഴയും വേറെ വിധിച്ചു. ജീവപരന്ത്യം ഒഴികെ ഉള്ള ശിക്ഷ ആദ്യം അനുഭവിക്കാനും അതിനു ശേഷം മാത്രം ജീവപരന്ത്യം ശിക്ഷ തുടങ്ങാനും കോടതി പ്രത്യേകം നിര്‍ദ്ദേശിച്ചു. സമൂഹത്തിനു സന്ദേശമാകുന്ന തരത്തില്‍ ശിക്ഷ നല്‍കണമെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചാണ് ശിക്ഷ വിധി പ്രഖ്യാപിച്ചത്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ മാരായ അഡ്വ. കെ. ബി. സുനില്‍കുമാര്‍, അഡ്വ. ലിജി മധു എന്നിവര്‍ ഹാജരായി.