വലപ്പാട്: പുളിക്കകടവ് കള്ള് ഷാപ്പിൽ വെച്ചുണ്ടായ തർക്കത്തെ തുടർന്നുള്ള വൈരാഗ്യത്താൽ വലപ്പാട് സ്വദേശി പതിയാശ്ശേരി വീട്ടിൽ ഷിയാസി (47) നെ വെട്ടുകത്തി കൊണ്ട് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. എടത്തിരുത്തി കല്ലുങ്കടവ് സ്വദേശിയായ പട്ടാട്ട് വീട്ടിൽ ഷജീർ (42 ), വലപ്പാട് മുരിയാംതോട് സ്വദേശിയായ കണ്ണോത്ത് വീട്ടിൽ ഉണ്ണികൃഷ്ണൻ (40) എന്നിവരെയാണ് വലപ്പാട് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഷജീറിൻ്റെ പേരിൽ വലപ്പാട് പോലീസ് സ്റ്റേഷനിൽ മൂന്ന് അടിപിടി കേസുകളും, ഉണ്ണികൃഷ്ണൻ്റെ പേരിൽ വലപ്പാട് പോലീസ് സ്റ്റേഷനിൽ രണ്ട് അടിപിടി കേസുകളുമുണ്ട്.
കഴിഞ്ഞ ദിവസം വൈകുന്നേരം ഷിയാസും സുഹൃത്തുമൊന്നിച്ച് പുളിക്കകടവ് ഷാപ്പിലിരുന്ന് കള്ള് കുടിക്കുകയും ആ സമയം കള്ള് കുടിക്കാനായി ഷാപ്പിലേക്ക് ഉണ്ണിക്കൃഷ്ണൻ, ഷജിർ എന്നിവർ വരികയും ഷജീറുമായി ഷിയാസ് വാക്കു തർക്കമാവുകയും തുടർന്ന് ഷാപ്പിന് പുറത്തിറങ്ങിയ ഷിയാസിനെ ഉണ്ണിക്കൃഷ്ണൻ കൈ കൊണ്ട് അടിക്കുകയും ഷജീർ കൈയ്യുലുണ്ടായിരുന്ന വെട്ടുകത്തികൊണ്ട് മുതുകിനു താഴെയും ഇടത് കാൽപാദത്തിന് മുകളിലായും വെട്ടിപരിക്കേൽപിക്കുകയും ഉണ്ണിക്കൃഷ്ണൻ ഷിയാസിനെ ചവിട്ടുകയും നിലത്ത് വീണ ഷിയാസിനെ കഴുത്തിൽ വെട്ടി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. ഈ കേസിലേക്ക് അന്വേഷണം നടത്തി വരവെ പ്രതികളെ സംഭവ സ്ഥലത്ത് നിന്നാണ് പിടികൂടിയത്. വലപ്പാട് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ എബിൻ, സാബു, ആന്റണി ജിമ്പിള്‍, സിവിൽ പോലീസ് ഓഫീസർമാരായ ലെനിൻ, പ്രണവ് എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്ത അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.