തൃപ്രയാർ: കാത്തിരിപ്പിന് വിരാമം. തൃപ്രയാറിൽ പുതിയ പാലത്തിൻ്റെ നിർമാണം രണ്ടു മാസത്തിനുള്ളിൽ തുടങ്ങും. പുതിയ പാലത്തിന് കോസ്റ്റൽ റെഗുലേഷൻ സോണി ( സി.ആർ.സെഡ്) ൻ്റെ അനുമതി ലഭിച്ചതിനെ തുടർന്നാണ് പുതിയ പാലത്തിൻ്റെ നിർമാണത്തിന് അനുമതി ലഭിച്ചത്. കിഫ്ബി സഹായത്തോടെയാണ് പാലം നിർമിക്കുന്നത്. 2016-17 ലെ സംസ്ഥാന ബജറ്റിൽ 28.423കോടി രൂപയാണ് പാലം നിർമാണത്തിന് വകയിരുത്തിയിട്ടുള്ളത്. സി.സി മുകുന്ദൻ എം.എൽ.യുടെ ഇടപെടലിനെ തുടർന്നാണ് സി.ആർ. സെഡ് അനുമതി ലഭിച്ചത്. കനോലി കനാലിനു കുറകെ നിർമിക്കുന്ന പാലത്തിന് 200.48 മീറ്ററാണ് നീളം. 11.050 മീറ്ററാണ് വീതി. വാഹന ഗതാഗതത്തിന് 7.5 മീറ്ററും നടപ്പാതയ്ക്ക് 1.50 മീറ്ററും വീതിയുണ്ടാകും. നാട്ടിക പഞ്ചായത്തിലെ 93 മീറ്ററും താന്ന്യം പഞ്ചായത്തിലെ 73 മീറ്ററും അപ്രോച്ച് റോഡുണ്ടാകും. നാട്ടിക വില്ലേജിൽ 19 സെൻ്റും താന്ന്യം വില്ലേജിൽ 25 സെൻ്റ് ഭൂമിയും ഇതിനായി ഏറ്റെടുത്തു. നിലവിലെ പാലത്തിൻ്റെ വടക്കു ഭാഗത്താണ് പുതിയ പാലം നിർമിക്കുന്നത്. ആറ് പതിറ്റാണ്ടിലേറെ പഴക്കമുള്ള നിലവിലെ പാലത്തിന് ബലക്ഷയമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പുതിയ പാലം നിർമിക്കുന്നത്. തൃപ്രയാർ – ചേർപ്പ് – തൃശൂർ സംസ്ഥാന പാതയിലെ പ്രധാന പാലമാണ് തൃപ്രയാർ പാലം. ദിവസവും നിരവധി സ്വകാര്യ ബസുകളുൾപ്പെടെ നൂറുകണക്കിന് വാഹനങ്ങളും യാത്രക്കാരും ആശ്രയിക്കുന്ന പാലമാണിത്.
previous post