അരിമ്പൂർ: വെളുത്തൂർ നമ്പോർക്കാവ് ഭഗവതി ക്ഷേത്രത്തിലെ ഭരണി, കാർത്തിക വേലാഘോഷത്തിന് ഈ മാസം 22 ന് വൈകീട്ട് 6.30 ന് കൊടിയേറ്റുമെന്ന് ക്ഷേത്ര കമ്മറ്റി സെക്രട്ടറി പറളിയിൽ കൃഷ്ണൻ കുട്ടിനായർ, കൺവീനർ ഗോപി അറയ്ക്കൽ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഈ മാസം 28, 29 തീയതികളിലാണ് ഭരണി, കാർത്തിക വേല ആഘോഷം നടക്കുക. 21 ന് വൈകീട്ട് 7.30 ന് ശ്രീകൃഷ്ണ ഭാരതം എന്ന ഇതിഹാസ നാടകം അവതരിപ്പിക്കും. ഉത്സവാഘോഷത്തിന്റെ ഭാഗമായി 26 വരെ എല്ലാ ദിവസവും വൈകീട്ട് കലാ പരിപാടികൾ നടക്കും. 27 ന് രാത്രി 7 ന് ഇരട്ട തായമ്പക നടക്കും. ഭരണി വേലയായ 28 ന് ഉച്ചക്ക് 12.30 ന് വലിയപാണി കൊട്ടി ഭഗവതിയെ പുറത്തേയ്ക്ക് എഴുന്നെള്ളിയ്ക്കും. തുടർന്ന് ക്ഷേത്രം നടപ്പുരയിൽ പഞ്ചവാദ്യത്തോടെ 7 ആന എഴുന്നള്ളിപ്പ് നടക്കും. ചോറ്റാനിക്കര വിജയൻ മാരാർ പ്രമാണിയാകും. ചേരാനല്ലൂർ ശങ്കരൻകുട്ടി മാരാരുടെ നേതൃത്വത്തിൽ വൈകിട്ട് നാലു മുതൽ പാണ്ടിമേളം നടക്കും. വേല എഴുന്നള്ളിപ്പിന് തിരുവമ്പാടി ചന്ദ്രശേഖരൻ തിടമ്പേറും. രാത്രി 7.30 ന് ഗാനമേള. 10 ന് ട്രിപ്പിൾ തായമ്പക, പുലർച്ചെ ഒന്നിന് രാത്രി വേല എഴുന്നെള്ളിപ്പ്. ചോറ്റാനിക്കര നന്ദപ്പൻ മാരാരുടെ നേതൃത്വത്തിൽ പഞ്ചവാദ്യവും, ചേരനെല്ലൂർ ശങ്കരൻകുട്ടി മാരാരുടെ നേതൃത്വത്തിൽ പഞ്ചാരിമേളവും നടക്കും. രാവിലെ ഏഴ് മുതൽ കാർത്തിക വേലയുടെ ഭാഗമായി ഐവർകളി / കാളകളി, മുടിയാട്ടം, പൂതംകളി, പാലത്തറ മേളം എന്നിവ നടക്കും. വൈകിട്ട് 5 ന് കാവു തീണ്ടൽ എന്നിവയാണ് പരിപാടികൾ . വാർത്താ സമ്മേളനത്തിൽ എക്സിക്യൂട്ടീവ് അംഗങ്ങളായ സജി മങ്കുഴി, മോഹനൻ തരകത്ത് എന്നിവരും പങ്കെടുത്തു.