തൃശൂർ: അയൽവീട്ടിലേക്ക് പട്ടി കെട്ടഴിഞ്ഞ് ചെന്നതിനെ ചൊല്ലിയുള്ള; തർക്കം കൊലപാതകത്തിൽ കലാശിച്ചു. സംഭവത്തിൽ പ്രതി അറസ്റ്റിൽ. കുറ്റിച്ചിറ, മാരാങ്കോട് ചേരിയേക്കര വീട്ടിൽ ശിശുപാലൻ എന്നു വിളിക്കുന്ന ഷിജു (40)എന്നയാളെ കൊടുവാൾ കൊണ്ട് വെട്ടി കൊലപ്പെടുത്തിയ കേസിൽ കുറ്റിച്ചിറ, മാരാങ്കോട് ആട്ടോക്കാരൻ വീട്ടിൽ അന്തോണി (69) എന്നയാളെ വെള്ളികുളങ്ങര പോലീസ് പിടികൂടി. കൊല്ലപ്പെട്ട ഷിജുവും അന്തോണിയും തമ്മിൽ അന്തോണിയുടെ വീടിന് പടിഞ്ഞാറ് വശത്തുകൂടെ ഷിജു നടന്ന് പോകുന്നതിലുളള വിരോധം നിലനില്കുന്നുണ്ടായിരുന്നു. ശനിയാഴ്ച വൈകീട്ട് ഷിജുവിന്റെ വീട്ടിലെ പട്ടി കെട്ടഴിഞ്ഞ് അന്തോണിയുടെ വീട്ടിലേക്ക് ചെന്നു എന്ന് പറഞ്ഞ് അന്തോണിയും ഷിജുവും തമ്മിൽ വഴക്ക് കൂടുകയും, തുടർന്ന് രാത്രി 10.30 ന് ഷിജുവിന്റെ വീട്ടുപറമ്പിന് അടുത്ത് നിന്നും പരസ്പരം വഴക്കും ബഹളവും ഉണ്ടാക്കിയപ്പോൾ അന്തോണി കൈവശം കരുതിയിരുന്ന മാരകായുധമായ കൊടുവാൾ കൊണ്ട് ഷിജുവിന്റെ തലയ്കും, മുഖത്തിനും കഴുത്തിനും മറ്റും വെട്ടി കൊലപ്പെടുത്തുകയായിരുന്നു.