അരിമ്പൂർ: ഇരുവൃക്കകളും തകരാറിലായി ചികിത്സയിൽ കഴിയുന്ന അരിമ്പൂർ മുൻ പഞ്ചായത്ത് അംഗം മുരളിയുടെ ജീവൻ നിലനിർത്താൻ അടിയന്തര സഹായം തേടി നാട്ടുകാർ. വൃക്ക നൽകാൻ സഹോദരി തയാറാണെങ്കിലും മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വേണ്ട 26 ലക്ഷം രൂപ കണ്ടെത്താൻ നാട്ടുകാരുടെയും സുമനസ്സുകളുടെയും സഹായം അത്യാവശ്യമാണ്.
അരിമ്പൂർ വടക്കുമ്പുറം സ്വദേശിയായ മരുതുര മാണിക്ക്യന്റെ മകൻ മുരളിക്ക് (50) മൂന്ന് വർഷം മുമ്പാണ് രോഗം സ്ഥിരീകരിച്ചത്. സാധാരണക്കാരനായ ബാർബർ തൊഴിലാളിയായ മുരളിയുടെ കുടുംബത്തിന് ഈ വലിയ തുക താങ്ങാൻ കഴിയില്ല. വീട്ടിൽ ഭാര്യയും രണ്ടു കുട്ടികളും മാതാവുമാണുള്ളത്. രോഗം കണ്ടെത്തിയതോടെ മുരളിക്ക് ജോലിക്ക് പോകാൻ കഴിയുന്നില്ല. ഭാര്യക്ക് ഉണ്ടായിരുന്ന സ്വകാര്യ സ്ഥാപനത്തിലെ ജോലിയും ഉപേക്ഷിക്കേണ്ടിവന്നു.
ഈ മാസം 25ന് കോഴിക്കോട് മുക്കത്തെ കെ.എം.സി.ടി. ആശുപത്രിയിൽ ശസ്ത്രക്രിയ നിശ്ചയിച്ചിരിക്കുകയാണ്. എന്നാൽ ഇതുവരെ ഒമ്പത് ലക്ഷം രൂപ മാത്രമാണ് സമാഹരിക്കാൻ കഴിഞ്ഞത്. മൂന്ന് ദിവസത്തിനുള്ളിൽ 16 ലക്ഷം രൂപ കൂടി കണ്ടെത്തേണ്ടത് അത്യാവശ്യമാണ്. ഇതിനായുള്ള തീവ്രശ്രമത്തിലാണ് സുഹൃത്തുക്കളും നാട്ടുകാരും. പണം കണ്ടെത്താൻ മുരളി ചികിത്സ സഹായ സമിതിക്കും രൂപം നൽകിയിട്ടുണ്ട്. വാർഡ് അംഗം പി.എ. ജോസ് ചെയർമാനും സി.കെ. മോഹനൻ കൺവീനറും ഇ.കെ. ജയപ്രകാശ് ട്രഷററുമാണ്. മുരളി ചികിത്സ സഹായ സമിതിയുടെ പേരിൽ സൗത്ത് ഇന്ത്യൻ ബാങ്ക് എറവ് ശാഖയിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.
അക്കൗണ്ട് നമ്പർ: 0437 0730000 50235. ഐ.എഫ്.എസ്.സി: SIBL0000437. ഗൂഗ്ൾ പേ നമ്പർ: 9633932946.