അന്തിക്കാട്: തൃശൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയുടെ സമൻസ് നടപ്പാക്കാൻ ചെന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയ കേസിൽ 4 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മണലൂർ കനാൽപാലം ചെട്ടിക്കാട്ട് വീട്ടിൽ റിജീഷ് (43), വടക്കേക്കര സ്വദേശികളായ മുക്കാട്ടിൽ വീട്ടിൽ ലിജിത്ത് (35), തുരുത്തിൽ വീട്ടിൽ സിബിൻ (41), മുക്കാട്ട് മുഡപ്പാൽതുരുത്ത് വീട്ടിൽ സൗമേഷ് (40) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കോടതി സമൻസ് നൽകുന്നതിനായി 21നു 4ന് പൊലീസ് ഉദ്യോഗസ്ഥരായ റെജിൻരാജ്, സുർജിത്ത് എന്നിവർ മണലൂർ കനാൽപാലം പരിസരത്തെ ചെട്ടിക്കാട്ട് റിജീഷിന്റെ വീട്ടിൽ ചെന്നിരുന്നു. ഈ സമയത്ത് അവിടെയുണ്ടായിരുന്ന പ്രതികൾ ഔദ്യോഗിക കൃത്യനിർവഹണത്തിന് തടസ്സം വരുത്തിയെന്നാണ് കേസ്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു. ഇൻസ്പെക്ടർ എ.സരിൻ, എസ്ഐ കെ.എസ്.സുബിന്ദ്, സിനീയർ സിപിഒ മഹേഷ്, സിപിഒ ഫൈസൽ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.