തൃശൂർ: ‘വിജ്ഞാന കേരളം’ കാമ്പയിനിന്റെ ഭാഗമായി തൃശൂരിൽ സംഘടിപ്പിക്കുന്ന മെഗാ ജോബ് ഫെയറിൽ പങ്കെടുക്കാനുള്ള രജിസ്ട്രേഷൻ വെള്ളിയാഴ്ച അവസാനിക്കും. സർക്കാർ ലക്ഷ്യമിടുന്ന 20 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന്റെ ഭാഗമായുള്ള ‘വിജ്ഞാന തൃശൂർ തൊഴിൽ പൂരം’ പേരിലാണ് ജോബ് ഫെയർ സംഘടിപ്പിക്കുന്നത്. ഡി.ഡബ്ല്യു.എം.എസ് പോർട്ടൽ വഴി ഇതുവരെ 17,820 ഉദ്യോഗാർഥികളാണ് മേളക്ക് രജിസ്റ്റർ ചെയ്തത്. ഇതിന് മുന്നോടിയായി 21 മുതൽ 25 വരെ നടത്തിയ പരിശീലന പരിപാടിയിൽ 5,230 ഉദ്യോഗാർഥികൾ പങ്കെടുത്തു. സഹായത്തിനായി ബ്ലോക്കുകളിലും മുനിസിപ്പാലിറ്റികളിലുമുള്ള ജോബ് സ്റ്റേഷനുകൾ രാത്രി വൈകിയും പ്രവർത്തിക്കുന്നുണ്ട്. ജോബ് ഫെയറിലായി 132 കമ്പനികൾ 455 തരം ജോലികളിലായി 35,000 തൊഴിലവസരങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്. തൊഴിൽ മേളക്ക് വേദിയാകുന്ന തൃശൂർ എൻജിനീയറിങ് കോളജിലും വിമലാ കോളജിലും വിപുലമായ ക്രമീകരണമാണ് ഒരുക്കിയത്.