അരിമ്പൂർ: പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ നിരവധിപേർ കൊല്ലപ്പെട്ട വാർത്ത പുറത്തുവന്നപ്പോൾ അരിമ്പൂരിലുള്ള പലരും അമ്പരന്നു. ശ്രീനഗറിലെ മനോഹര പ്രദേശങ്ങൾ കാണാൻ പോയ അരിമ്പൂർ സ്വദേശിയായ നീതുവും സുഹൃത്തുക്കളും അപകടത്തിൽപ്പെട്ടോ എന്ന ഭയപ്പാടിലായിരുന്നു നാട്ടുകാർ. നാലാംകല്ല് സ്വദേശിനിയായ കൊടപ്പനയ്ക്കൽ വീട്ടിൽ നീതു (36) ശ്രീനഗറിൽനിന്ന് കഴിഞ്ഞ ദിവസമാണ് വീട്ടിലെത്തിയത്. ഈ വിവരം അറിയാഞ്ഞതാണ് നാട്ടുകാർ ഭയപ്പെട്ടത്. വിനോദസഞ്ചാരികളുടെ പറുദീസയായ ശ്രീനഗറിലെ മനോഹര പ്രദേശങ്ങൾ കാണാനാണ് ഇവർ പോയത്.
ഭീകരാക്രമണത്തിൽ 26 വിനോദ സഞ്ചാരികൾ കൊല്ലപ്പെട്ടതായുള്ള വാർത്ത പരന്നതോടെ അരിമ്പൂരിലുള്ള നീതുവിനെ അറിയാവുന്നവർ അനുഭവിച്ച മാനസിക സംഘർഷം ചെറുതല്ല. കെ.എസ്.എഫ്.ഇ കുന്നത്തങ്ങാടി ശാഖയിലെ ജീവനക്കാരിയാണ് നീതു. കൂടെ ജോലിചെയ്യുന്ന വിവിധ ശാഖകളിലുള്ള ഏഴ് വനിതകളും കൂടെയുണ്ടായിരുന്നു. സ്വകാര്യ ടൂറിസ്റ്റ് ഓപറേറ്റർ മുഖേനെ പോയ ഇവർ അഞ്ചുദിവസത്തോളം ശ്രീനഗറിലും പരിസരപ്രദേശത്തും ഉണ്ടായിരുന്നു. ഇവർക്ക് അറിയാവുന്ന മറ്റ് മലയാളി സംഘങ്ങൾ പലരും ഭീകരാക്രമണം നടന്ന ദിവസമാണ് ഇങ്ങോട്ട് തിരികെ മടങ്ങിയത്. സമൂഹമാധ്യമങ്ങളിൽ യാത്രയെക്കുറിച്ച് ഇവർ പോസ്റ്റുകൾ ഷെയർ ചെയ്തിരുന്നു. കഴിഞ്ഞ ദിവസം നാട്ടിൽ വന്ന വിവരം ഇവർ പറഞ്ഞപ്പോഴാണ് ഇവർക്കൊക്കെ സമാധാനമായത്.