തൃപ്രയാർ: നാട്ടിക എസ്.എൻ ട്രസ്റ്റ് ഹയർസെക്കൻഡറി സ്‌കൂളിലെ പാചകക്കാരി ദമയന്തി അമ്മയ്ക്ക് നിർമ്മിച്ചുനൽകിയ വീടിന്റെ പാലുകാച്ചലും താക്കോൽദാനവും മേയ് ഒന്നിന് മന്ത്രി ഡോ.ആർ.ബിന്ദു നിർവഹിക്കുമെന്ന് സ്‌കൂൾ പ്രിൻസിപ്പാൾ ജയാബിനി ജി.എസ്.ബി, മാനേജർ പി.കെ.പ്രസന്നൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സ്‌കൂൾ എൻ.എസ്.എസ് യൂണിറ്റാണ് വീട് നിർമ്മിച്ചു നൽകുന്നത്.
വിദ്യാർത്ഥികൾ വിവിധ ചലഞ്ചുകളിലൂടെ എട്ട് ലക്ഷം രൂപ സമാഹരിച്ചായിരുന്നു വീടിന്റെ നിർമ്മാണം. എൻ.എസ്.എസ് യൂണിറ്റ് നിർമ്മിച്ചുനൽകുന്ന മൂന്നാമത്തെ വീടാണിത്. ചേർക്കരയിൽ നടക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ തളിക്കുളം ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി.പ്രസാദ് അധ്യക്ഷത വഹിക്കും. നാട്ടിക പഞ്ചായത്ത് പ്രസിഡന്റ് എം.ആർ.ദിനേശൻ മുഖ്യാതിഥിയാവും. ചോർന്നൊലിക്കുന്ന പുരയിൽ ചിതൽ വീണ് ഭക്ഷണം കഴിക്കാൻ പോലുമാകാതെ ബുദ്ധിമുട്ടിയ ദമയന്തിയമ്മയ്ക്ക് നൽകിയ വാക്ക് പാലിക്കാൻ സ്‌കൂൾ എൻ.എസ്.എസ് യൂണിറ്റിന് സാധിച്ചു. ഹെഡ്മിസ്ട്രസ് മിനിജ ആർ.വിജയൻ, എൻ.എസ്.എസ് പ്രോഗ്രാം കോഡിനേറ്റർ ശലഭ ജ്യോതിഷ്, പി.ടി.എ പ്രസിഡന്റ് പി.എസ്.പി നസീർ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.