തൃശൂർ: ദയാവധത്തിനായി അപേക്ഷ നൽകിയ മാപ്രാണം സ്വദേശി ജോഷിക്ക് കരുവന്നൂർ സഹകരണ ബാങ്ക് നിക്ഷേപ തുകയിലെ 28 ലക്ഷം രൂപ കൈമാറി. ചൊവ്വാഴ്ച വൈകീട്ട് നാലര മണിക്കൂർ നീണ്ട കുത്തിയിരിപ്പ് സമരത്തിനൊടുവിലാണ് 28 ലക്ഷം രൂപയുടെ ചെക്ക് നൽകിയത്. ജോഷിക്കും കുടുംബാംഗങ്ങൾക്കുമായി 90 ലക്ഷത്തോളം രൂപയാണ് നിക്ഷേപമുള്ളത്. തുക തിരിച്ചുനൽകുമെന്ന് സ്വകാര്യ ചാനൽ പരിപാടിയിൽ മന്ത്രി പറഞ്ഞത് പ്രകാരം ചൊവ്വാഴ്ച വൈകീട്ട് 4.45നാണ് ജോഷി ബാങ്കിലെത്തിയത്. എന്നാൽ, ഇതേകുറിച്ച് അറിവൊന്നുമില്ലെന്നാണ് ബാങ്ക് ജീവനക്കാർ പറഞ്ഞത്. നിക്ഷേപ തുകയുടെ കാര്യത്തിൽ തീരുമാനമായിട്ടേ പോകുന്നുള്ളൂവെന്ന് പറഞ്ഞ് ജോഷി ബാങ്കിൽ തുടർന്നതോടെ ജീവനക്കാർക്ക് ഓഫിസ് അടക്കാനാകാത്ത അവസ്ഥയായി. ഇതോടെ ബാങ്ക് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ കെ.ആർ. രാകേഷിനെ വിളിച്ചുവരുത്തി. ചർച്ചയിൽ ജോഷിയുടെ പേരിലെ നിക്ഷേപം തിരികെ നൽകാൻ ധാരണയായി. എന്നാൽ, കുടുംബാംഗങ്ങളുടെ പേരിലുള്ളത് മൂന്നു മാസത്തിനകം നൽകാമെന്ന് എഴുതി നൽകണമെന്ന ജോഷിയുടെ ആവശ്യത്തെ തുടർന്ന് ചർച്ച പ്രതിസന്ധിയിലായി.
പിന്നീട് ഇരിങ്ങാലക്കുട പൊലീസിന്റെയും ബാങ്ക് അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി ചെയർമാൻ പി. ചന്ദ്രശേഖരന്റെയും സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിൽ ജോഷിയുടെ നിക്ഷേപ തുകയുടെ പലിശ സഹിതം 28 ലക്ഷം രൂപയുടെ ചെക്ക് നൽകാമെന്നും കുടുംബാംഗങ്ങളുടെ തുക എന്ന് നൽകാമെന്ന് ബുധനാഴ്ച ചർച്ച നടത്തി അറിയിക്കാമെന്നുമുള്ള ധാരണയിൽ എത്തി. ഇതനുസരിച്ച് രാത്രി ഒമ്പതോടെ ജോഷിക്ക് ചെക്ക് കൈമാറി. നിക്ഷേപം തിരികെ ലഭിക്കാത്തതിനെ തുടർന്ന് ദയാവധത്തിന് അനുമതി നൽകണമെന്നാവശ്യപ്പെട്ട് ഹൈകോടതിക്കും സർക്കാറിനും ആഴ്ചകൾക്കു മുമ്പ് ജോഷി നിവേദനം നൽകിയിരുന്നു. തലയിൽ ട്യൂമർ ബാധിച്ച് 20ഓളം ഓപറേഷനുകൾ നടത്തിയയാളാണ് ജോഷി.