മതിലകം: ഡ്രൈഡേ ദിവസങ്ങളിൽ വിൽക്കാനായി വീട്ടിൽ സൂക്ഷിച്ചിരുന്ന 103 കുപ്പി മദ്യവുമായി ശ്രീനാരായണപുരത്ത് യുവാവിനെ എക്സൈസ് സംഘം പിടികൂടി. പാപ്പിനിവട്ടം പൂവ്വത്തുംകടവ് തെക്ക് നാളിയാട്ട് ഷമിദനെ(42) യാണ് കൊടുങ്ങല്ലൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എം. ഷാംനാഥും സംഘവും പിടികൂടിയത്.
പരിശോധന ഭയന്ന് രഹസ്യമായി വീടിന് പുറകിൽ ഭൂഗർഭ അറ ഉണ്ടാക്കിയാണ് ഇയാൾ മദ്യം സ്‌റ്റോക്ക് ചെയ്തിരുന്നത്. സമീപത്ത് നിന്നും മുൻപും ഇത്തരം അനധികൃത മദ്യവില്‌പന കേസുകൾ എക്സൈസ് പിടികൂടിയിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർമാരായ എ.വി. മോയിഷ്, പി.ആർ. സുനിൽകുമാർ, പ്രിവന്റീവ് ഓഫീസർമാരായ കെ.എസ്. മന്മഥൻ, അനീഷ്.ഇ.പോൾ,സിവിൽ എക്‌സൈസ് ഓഫീസർമാരായ ടി. രാജേഷ്, എ.എസ്. റിഹാസ്, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ ഇ.ജി. സുമി എന്നിവരും എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നു.