വാടാനപ്പള്ളി: വാടാനപ്പള്ളി സെന്ററിൽ നിർമാണം പൂർത്തിയാക്കി അഞ്ച് വർഷം കഴിഞ്ഞിട്ടും പ്രവർത്തിപ്പിക്കാത്ത സിഗ്നൽ ലൈറ്റിൽ എസ്ഡിപിഐ പഞ്ചായത്ത് കമ്മിറ്റി റീത്ത് സമർപ്പിച്ചു. 30 ലക്ഷത്തോളം രൂപ ചെലവഴിച്ച് പണി പൂർത്തിയാക്കിയിട്ടും ഇതുവരെ പ്രവർത്തിപ്പിക്കാൻ കഴിഞ്ഞിട്ടില്ല.
അശാസ്ത്രീയമായി നടപ്പാക്കിയ പദ്ധതി പൂർണമായും കമ്മീഷൻ കിട്ടാൻ വേണ്ടിയും 2019 ലെ ലോക്സഭ തിരഞ്ഞെടുപ്പിലെ കേവല രാഷ്ട്രീയ താൽപര്യം ലക്ഷ്യം വച്ചായിരുന്നതിനാലും ചെലവായ മുഴുവൻ തുകയും പദ്ധതി പാസാക്കിയ ജനപ്രതിനിധികളിൽ നിന്നും ഉദ്യോഗസ്ഥരിൽ നിന്നും തിരിച്ചു പിടിക്കണമെന്നും പ്രതിഷേധ സംഗമം ആവശ്യപ്പെട്ടു. എസ്ഡിപിഐ വാടാനപ്പള്ളി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എ.എം. ആഷിഫ്, സെക്രട്ടറി മുഫസൽ, ട്രഷററും വാർഡ് മെമ്പറുമായ നൗഫൽ വലിയകത്ത് നേതൃത്വം നൽകി.