കൊടുങ്ങല്ലൂർ: ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ ഭൗതിക സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു. ക്ഷേത്രത്തിൽ മുസിരിസ് പൈതൃക പദ്ധതി നിർമ്മിക്കുന്ന അക്കോമഡേഷൻ കോംപ്ലക്സിന്റെയും മ്യൂസിയം ഊട്ടുപുര കെട്ടിട സമുച്ചയത്തിന്റെയും നിർമ്മാണ പുരോഗതി വിലയിരുത്തിയ ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അക്കോമഡേഷൻ കോംപ്ലക്സിന്റെ നിർമ്മാണം മൂന്ന് വർഷമായിട്ടും പൂർത്തീകരിക്കാൻ ആയിട്ടില്ല. ഈ പ്രതിസന്ധി എത്രയും വേഗം പരിഹരിക്കാനും പണി പൂർത്തീകരിക്കാനാവശ്യമായ എല്ലാ നടപടിയെടുമെടുക്കും. ഇതിന് പ പരിഹാരം കാണാൻ മുസിരിസ് അധികാരികൾക്ക് നിർദ്ദേശം നൽകിയതായും മന്ത്രി പറഞ്ഞു.
ക്ഷേത്രത്തിനകത്ത് കുടിവെള്ളം, വെളിച്ചം, റോഡ് തുടങ്ങിയ പശ്ചാത്തല സൗകര്യങ്ങൾ ഉറപ്പാക്കും. ഭരണി മഹോത്സവം ഈ വർഷം മികച്ച രീതിയിൽ നടത്തുവാനും ഭക്തർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളുമൊരുക്കുവാനും നിർദ്ദേശം നൽകി. ഇതിനായി ദേവസ്വം ബോർഡ്, മുസിരിസ്, നഗരസഭ അധികൃതരുടെയും ഉപദേശക സമിതിയുടെയും യോഗം വിളിച്ചു ചേർക്കുമെന്നും മന്ത്രി പറഞ്ഞു. അഡ്വ. വി.ആർ. സുനിൽകുമാർ എംഎൽഎ, ദേവസ്വം ബോർഡ് പ്രസിഡന്റ് ഡോ. എം.കെ. സുദർശനൻ, നഗരസഭ കൗൺസിലറും സിപിഎം ഏരിയ സെക്രട്ടറിയുമായ കെ.ആർ. ജൈത്രൻ, ദേവസ്വം ഡെപ്യൂട്ടി കമ്മീഷണർ അനിൽ, അസി. കമ്മീഷ്ണർ സുനിൽ കർത്ത, എന്നിവരും മന്ത്രിയോടൊപ്പമുണ്ടാ യിരുന്നു.