കൊടുങ്ങല്ലൂർ: കൊള്ളപ്പലിശക്കാരെ വെല്ലുന്ന വിധത്തിലാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വ്യാപാരികളോട് പെരുമാറുന്നതെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറൽ സെക്രട്ടറി എൻ.ആർ വിനോദ്കുമാർ വാർത്താ സമ്മേളനത്തിൽ കുറ്റപ്പെടുത്തി.
ലൈസൻസ് പുതുക്കുന്നതിൽ വീഴ്ച വന്നാൽ വട്ടിപ്പലിശക്കണക്കിലാണ് പിഴ ഈടാക്കുന്നത്. ഹരിത കർമ്മ സേനയുടെ യൂസേഴ്സ് ഫീയുടെ പേരിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വ്യാപാരികളെ ഉപദ്രവിക്കുകയാണെന്നും വിനോദ് കുമാർ പറഞ്ഞു. ചെറുകിട വ്യാപാര മേഖലയെ സംരക്ഷിക്കണ മെന്നാവശ്യപ്പെട്ട് 29 ആവശ്യങ്ങൾ ഉന്നയിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി നയിക്കുന്ന വ്യാപാര സംരക്ഷണ ജാഥയുടെ ജില്ലാ സമാപനം തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് കൊടുങ്ങല്ലൂരിൽ നടക്കുമെന്ന് വിനോദ് കുമാർ അറിയിച്ചു.
ചന്തപുരയിൽ നിന്നും ജാഥയെ ഘോഷയാത്രയായി നഗരത്തിലേക്ക് ആനയിക്കും. തുടർന്ന് പോലിസ് സ്റ്റേഷൻ മൈതാനിയിൽ നടക്കുന്ന പൊതുസമ്മേളനം രാജു അപ്സര ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനത്തിൽ കൊടുങ്ങല്ലൂർ ചാലക്കുടി കയ്പമംഗലം ഇരിങ്ങാലക്കുട മണ്ഡലങ്ങളിലെ 15000 വ്യാപാരികൾ ഒപ്പിട്ട നിവേദനം ജാഥാ ക്യാപ്റ്റൻ രാജു അപ്സരക്ക് എൻ.ആർ. വിനോദ് കുമാർ കൈമാറും. ജില്ലാ പ്രസിഡൻ്റ് കെ.വി. അബ്ദുൾ ഹമീദ്, സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് കെ.കുഞ്ഞവറാജി, ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി, ട്രഷർ എഫ്.ദേവരാജ് തുടങ്ങിയവർ സംസാരിക്കും. കൊടുങ്ങല്ലൂർ പ്രസ് ക്ലബിൽ നടന്ന വാർത്താ സമ്മേളനത്തിൽ കൊടുങ്ങല്ലൂർ മർച്ചൻ്റ്സ് അസോസിയേഷൻ ആക്ടിംടിംഗ് പ്രസിഡൻ്റ്ടി.കെ. ഷാജി, ഭാരവാഹികളായ കെ.ജെ. ശ്രീജിത്ത്, പി.കെ. സത്യശീലൻ, പി.ആർ. ബാബു, വി.ജി. രാജീവൻ പിള്ള, വി. അജിത് കുമാർ എന്നിവർ പങ്കെടുത്തു.