അരിമ്പൂർ: ഗവ.യുപി സ്കൂളിലെ ജൂനിയർ റെഡ്ക്രോസ് വിദ്യാർത്ഥികൾ കോൾ പാടം നേരിൽ കണ്ട് നെൽ കൃഷിയെ അറിയുവാനായി കോൾ നടത്തം നടത്തി. ചാലാടി പഴം കോൾ പാടശേഖരമാണ് സന്ദർശിച്ചത്. തണ്ണീർതടത്തെയും അവിടത്തെ ആവാസവ്യവസ്ഥയും നേരിൽ കണ്ടറിഞ്ഞ് പഠിക്കുകയായിരുന്നു നടത്തത്തിൻ്റെ ലക്ഷ്യം.
കോൾപാടങ്ങളിലെ ജലം നിയന്ത്രിക്കുന്ന ‘പെട്ടിയും പറയും കണ്ടത് കുട്ടികൾക്ക് അത്ഭുതമായി. കോൾ പാടങ്ങളിലെ കൃഷിരീതി നേരിൽ കണ്ടും അവിടെയുള്ള വിവിധ തരം പക്ഷികളെക്കുറിച്ച് ചോദിച്ചറിഞ്ഞും ഈ ആവാസവ്യവസ്ഥയുടെ പ്രാധാന്യം മനസിലാക്കിയായിരുന്നു നടത്തം. കാർഷിക സർവ്വകലാശാല ഡീൻ ഡോ. കെ. വിദ്യാസാഗരൻ തണ്ണീർത്തടങ്ങളെ സംരക്ഷിക്കേണ്ടതിൻ്റെ പ്രാധാന്യത്തെ കുറിച്ച് കുട്ടികളോട് സംസ്സാരിച്ചു.. ജൂനിയർ റെഡ്ക്രോസ് കൗൺസിലർ ബിന്ദു, കോൾ പടവ് പ്രസിഡൻ്റ് വി.കെ. മണി, എ. നന്ദകുമാർ, കെ.എം. ഗോപിദാസൻ, വി.കെ. ഉണ്ണികൃഷ്ണൻ, പി.കെ. ശുഭം , ഒ.കെ. ഷൈജു എന്നിവർ നേതൃത്വം നൽകി.