ചാഴൂർ: കായികമേഖലയ്ക്ക് പ്രതീക്ഷയേകി ചാഴൂര്‍ ഗ്രാമപഞ്ചായത്തില്‍ ഇ.എം.എസ് സ്മാരക മിനി ഇന്‍ഡോര്‍ സ്റ്റേഡിയം ഉദ്ഘാടനത്തിന് സജ്ജമായി. അച്ചുതമേനോന്‍ സ്മാരക പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിനോട് ചേര്‍ന്ന് നിര്‍മിച്ച സ്റ്റേഡിയം ഫെബ്രുവരി 11 ന് രാവിലെ 10ന് കായികവകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാന്‍ നാടിന് സമര്‍പ്പിക്കും. സി.സി. മുകുന്ദന്‍ എംഎല്‍എ അധ്യക്ഷനാവും.
ഇന്‍ഡോര്‍ കായിക ഇനങ്ങള്‍ക്ക് മികവാര്‍ന്ന പിന്തുണയോടെയാണ് നാട്ടിക മണ്ഡലത്തില്‍ ഉയര്‍ന്ന നിലവാരത്തില്‍ മിനി ഇന്‍ഡോര്‍ സ്റ്റേഡിയം യാഥാര്‍ഥ്യമാവുന്നത്. ആര്‍സിസി ഫ്രെയിംഡ് സ്ട്രക്ച്ചര്‍ രീതിയിലാണ് സ്റ്റേഡിയം നിര്‍മാണം. ശബ്ദ പ്രതിധ്വനി ഒഴുവാക്കുന്നതിന് ഭിത്തികളില്‍ അക്കൗസ്റ്റിക് പാനലിംഗ് ചെയ്തിട്ടുണ്ട്. തറ വിട്രിഫൈഡ് ടൈല്‍ ഉപയോഗിച്ചും കളിസ്ഥലം വുഡന്‍ ഫ്‌ളോറിങ് ഉപയോഗിച്ചുമാണ് നിര്‍മിതി. ഗ്രീന്‍ റൂമുകള്‍, ടോയ്‌ലറ്റുകള്‍, ഓഫീസ് റൂം ഉള്‍പ്പെടെ സജ്ജമാണ്. കായിക മേഖലയ്ക്ക് കരുത്തേകുന്ന ചെറിയ സ്റ്റേഡിയങ്ങള്‍ ഉയരുന്നതോടെ ഗ്രാമങ്ങളിലെ കായിക താരങ്ങള്‍ക്ക് പുത്തന്‍ പ്രതീക്ഷകളാണ് നല്‍കുന്നത്. മുന്‍ എംഎല്‍എ ഗീതാഗോപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശിധരന്‍ എന്നിവര്‍ മുഖ്യാതിഥികളാവും. ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. മോഹന്‍ദാസ്, വൈസ് പ്രസിഡൻ്റ് അമ്പിളി സുനിൽ, സെക്രട്ടറി ജോയ്സി വർഗീസ് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.