കയ്പമംഗലം: കുടിവെള്ള പ്രശ്നത്തിൽ കയ്പമംഗലം പഞ്ചായത്ത് വിളിച്ചു ചേർത്ത യോഗത്തിൽ ശിവാലയ കമ്പനിക്ക് രൂക്ഷവിമർശനം. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കയ്പമംഗലം പഞ്ചായത്തിൽ ജല അതോറിറ്റിയുടെ കുടിവെള്ള പൈപ്പുകൾ പൊട്ടിയതിനെ തുടർന്ന് ജനങ്ങൾ നേരിടുന്ന കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണുന്നതിനായി കയ്പമംഗലം പഞ്ചായത്ത് വിളിച്ചു ചേർത്ത യോഗത്തിലാണ് ജനപ്രതിനിധികൾ ശക്തമായ പ്രതിഷേധം അറിയിച്ചത്. പ്രിയദർശിനി ഹാളിൽ പ്രസിഡന്റ് ശോഭന രവിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ജനപ്രതിനിധികൾ തങ്ങളുടെ വാർഡിലെ കുടിവെള്ളക്ഷാമത്തെ കുറിച്ച് പ്രതികരിച്ചത്. കയ്പമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് മണി ഉല്ലാസ്, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.എ. ഇസ്ഹാഖ്, ആരോഗ്യ -വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ദേവിക ദാസൻ തുടങ്ങി മറ്റു ജനപ്രതിനിധികൾ, ആസൂത്രണസമിതി ഉപാധ്യക്ഷൻ സുരേഷ് കൊച്ചുവീട്ടിൽ, കയ്പമംഗലം എംഎൽഎയുടെ പ്രധിനിധി രമേഷ് ബാബു, ജല അതോറിറ്റി അധികൃതരായ ഇരിങ്ങാലക്കുട എക്സിക്യൂട്ടീവ് എൻജിനിയർ കെ.ആർ. വിജു മോഹൻ, നാട്ടിക അസി. എക്സിക്യൂട്ടീവ് എൻജിനിയർ ലിറ്റി ജോർജ്, മതിലകം എ.ഇ. ഐഡ മോസസ്, ഓവർസിയർ പി.കെ. ഹസീന,ദേശീയപാത വികസനത്തിന് നേതൃത്വം നൽകുന്ന ശിവാലയ കൺസ്ട്രക്ഷൻ കമ്പനി അധികൃതർ യോഗത്തിൽ പങ്കെടുത്തു. ജനപ്രതിനിധികളുടെ രൂക്ഷമായ വിമർശനങ്ങളെ തുടർന്ന് ഈ മാസം അവസാനത്തോടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാമെന്ന നിലയിൽ ശിവാലയ അധികൃതർ വാക്ക് പറഞ്ഞതിനെ തുടർന്നാണ് യോഗം അവസാനിപ്പിച്ചത്.