തളിക്കുളം: ഗ്രാമപഞ്ചായത്ത് 2023 – 24 ജനകീയാസൂത്രണ പദ്ധതി പ്രകാരം കുട്ടികൾക്കുള്ള കരാട്ടെ പരിശീലനം ആരംഭിച്ചു. ആദ്യ ബാച്ചിൽ പരിശീലനം ലഭിച്ച 100 കുട്ടികൾക്കുള്ള യെല്ലോ ബെൽറ്റ് വിതരണവും സർട്ടിഫിക്കറ്റ് വിതരണവും നടത്തി. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.സി. പ്രസാദ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.ഐ സജിത അധ്യക്ഷയായി. സുരക്ഷിത ബാല്യങ്ങൾക്കായി സുസ്ഥിര കായിക പരിശീലനം എന്ന ലക്ഷ്യം വച്ചാണ് കുട്ടിൾക്കായി കരാട്ടെ പരിശീലനം നടത്തുന്നത്.
100 കുട്ടികൾക്ക് മൂന്ന് മാസത്തെ പരിശീലനവും യൂനിഫോമും സൗജന്യമായാണ് നൽകുന്നത്. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.കെ. അനിത ടീച്ചർ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബുഷറ അബ്ദുൽ നാസർ, വാർഡ് അംഗം സന്ധ്യ മനോഹരൻ, ഷോട്ടോ കിഡ്സ് മാർഷ്യൽ ആർട്സ് ക്ലബ് ഉടമയും പരിശീലകനുമായ ഷക്കീർ സംസാരിച്ചു. പരിശീലകരായ മാളവിക, രോഹിണി, തനുഷ, അൻവർ, സിജിത് റമി, മനോജ് മുഖ്യാതിഥികളായി.