അരിമ്പൂർ: വ്യക്തിയുടെ ആധാറും ഭൂമിയുടെ തണ്ടപേരുമായി ബന്ധിപ്പിച്ച് യുണീക്ക് തണ്ടപ്പര്‍ സിസ്റ്റം രാജ്യത്ത് ആദ്യമായി കേരളത്തില്‍ നിലവില്‍വരുന്നതോടെ അനധികൃത ഭൂമി കൈയടക്കിയവരില്‍ നിന്ന് ഭൂമി തിരിച്ച് പിടിച്ച് ഭൂരഹിതരിലേക്ക് എത്തിക്കാനാവുമെന്ന് റവന്യൂ-ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ. രാജന്‍. തൃശൂര്‍ താലൂക്കിന് കീഴില്‍ വരുന്ന അരിമ്പൂര്‍ ഗ്രാമപഞ്ചായത്തിലെ എറവ് – പരക്കാട് സ്മാര്‍ട്ട് ഗ്രൂപ്പ് വില്ലേജ് ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുക യായിരുന്നു മന്ത്രി. ഭൂതര്‍ക്കങ്ങള്‍ക്ക് പരിഹാരമായി എല്ലാ വില്ലേജുകളുടെയും ഡിജിറ്റല്‍ സര്‍വേ തയ്യാറാക്കുന്നതിന് ‘എന്റെ ഭൂമി’ എകീകൃത പോര്‍ട്ടല്‍ 2024ല്‍ എത്തും. രജിസ്‌ട്രേഷന്‍ വകുപ്പ് പോര്‍ട്ടല്‍ പേള്‍, റവന്യൂ വകുപ്പ് പോര്‍ട്ടര്‍ റെലീസ്, സര്‍വേ വകുപ്പ് പോര്‍ട്ടല്‍ ഇ ആപ്പ് തുടങ്ങിയവ സംയോജിപ്പിച്ച് എല്ലാ പ്രവര്‍ത്തനങ്ങളും ഒരു നെറ്റ് വര്‍ക്കിന് കീഴിലാവും. ആദ്യ എകീകൃത പോര്‍ട്ടലായി മാറുന്ന വില്ലേജുകളുടെ പട്ടികയില്‍ ജില്ലയിലെ ആലപ്പാട്, താന്ന്യം പഞ്ചായത്തിലെ കിഴക്കുമുറി എന്നിവിടങ്ങളിലെ വില്ലേജുകള്‍ ഉണ്ടാവുമെന്നും മന്ത്രി അറിയിച്ചു. ഡിജിറ്റല്‍ റീസര്‍വേയിലൂടെ ഓരോ വ്യക്തിയുടെ ഭൂമിക്ക് ചുറ്റും ഡിജിറ്റല്‍ വേലി തീര്‍ക്കും. ഇതിലൂടെ റവന്യൂ രേഖകളും ഭൂമിയും സുരക്ഷിതമാക്കും. എന്തൊക്കെ വിഹിതം വെട്ടികുറച്ചാലും 2025 നവംബര്‍ ഒന്നോടെ അതിദരിദ്രര്‍ ഇല്ലാത്ത സംസ്ഥാനമായി കേരളം മാറുമെന്നും കേരളത്തിലെ എല്ലാവര്‍ ക്കും ഭൂമി എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി. 2020- 21 പ്ലാന്‍ സ്‌കീമില്‍ ഉള്‍പ്പെടുത്തി 44 ലക്ഷം രൂപ ചെലവഴിച്ചാണ് നിര്‍മാണം. കാത്തിരിപ്പ് സ്ഥലം, ഓഫീസ് റൂം, വില്ലേജ് ഓഫീസര്‍ റൂം, റെക്കോര്‍ഡ് റൂം, ഡൈനിങ് എന്നിങ്ങനെ അഞ്ചു റൂമുകളും ഭിന്നശേഷി സൗഹൃദത്തോടെ ടോയ്‌ലറ്റുകളും റാമ്പും സജ്ജീക രിച്ചിട്ടുണ്ട്. മുരളി പെരുനെല്ലി എംഎല്‍എ അധ്യക്ഷനായി.
ജില്ലാ കലക്ടര്‍ വി.ആര്‍. കൃഷ്ണതേജ, സബ് കലക്ടര്‍ മുഹമ്മദ് ഷഫീഖ്, എഡിഎം ടി. മുരളി, തൃശൂര്‍ തഹ്‌സില്‍ദാര്‍ സുനിത ജേക്കബ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്മിത അജയകുമാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശിധരന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ വി.എന്‍. സുര്‍ജിത്ത്, ജിമ്മി ചൂണ്ടല്‍, വകുപ്പ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ പി.വി. ബിജി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.