പെരിങ്ങോട്ടൂകര: ശ്രീസോമശേഖര ക്ഷേത്രത്തിലെ പൂരാഘോഷത്തിൽ പങ്കെടുക്കാൻ തൃക്കടവൂർ ശിവരാജു എത്തുന്നു. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനു ശേഷം 7,11, 111 രൂപയുടെ റെക്കോഡ് ഏക്കത്തുകയ്ക്കാണ് ആലപ്പാട് പുള്ള് പുറത്തൂർ ദേശത്തിൻ്റെ കോലവുമായി തൃക്കടവൂർ ശിവരാജു എത്തുന്നത്. ഇക്കഴിഞ്ഞ മാസം അന്തിക്കാട് പുത്തൻപള്ളിക്കാവ് പൂരത്തിൽ എഴുന്നള്ളിപ്പിന് തിടമ്പേറ്റു ന്നതിൽ ചിറക്കൽ കാളിദാസൻ എന്ന ആനയുമായി ഉയരത്തിൻ്റെ കാര്യത്തിലുണ്ടായ തർക്കത്തെ തുടർന്ന് തിടമ്പ് നഷ്ടമായ ആനയാണ് ശിവരാജു. 2012 ലെ ഫോറസ്റ്റ് രേഖകൾ പ്രകാരം ശിവരാജുവിന് 311 സെൻ്റിമീറ്ററും, ചിറക്കൽ കാളിദാസന് 308 സെൻ്റീമീറ്ററും ഉയരമാണുള്ളതെന്ന് രേഖ ലഭിച്ചിട്ടും ഫോറസ്റ്റ് ഉദ്യോഗസ്ഥർക്കും പോലീസുകാർക്കും ലഭിച്ച തെറ്റായ മറ്റൊരു രേഖയുടെ അടിസ്ഥാനത്തിൽ ശിവരാജുവിന് തിടമ്പ് നൽകാതെ ചിറക്കൽ കാളിദാസന് നൽകുക യായിരുന്നു.
നവഭാരത് പുരാഘാഷ കമ്മിറ്റി ഭരവാഹികളായ സന്തോഷ് വാരിയർ , സജയ് മാണിക്കത്ത് എന്നിവർ വിവരാവകാശ നിയമപ്രകാരം ഇതു സംബന്ധിച്ച് രേഖ നേടിയെടുക്കുക യായിരുന്നു. അന്ന് പുരാഘോഷത്തി നിടയിൽ നാട്ടുകാർ തമ്മിൽ ഉണ്ടാകു മായിരുന്ന വഴക്ക് ഒഴിവാക്കുന്നതിനായി കൂട്ടി എഴുന്നള്ളിപ്പിൽ പങ്കെടുക്കാതെ വിട്ടു നിന്ന ശേഷമാണ് ഇപ്പോൾ ആലപ്പാട് പുള്ള് പുറത്തൂർ ദേശത്തിന് വേണ്ടി തൃക്കടവൂർ ശിവരാജു വീണ്ടും എഴുന്നള്ളിപ്പിനായി എത്തുന്നതെന്ന കൗതുകവും ഇതിനു പിറകിലുണ്ട് മാർച്ച് 1 ന് വെള്ളിയാഴ്ചയാണ് ഈ വർഷത്തെ പെരിങ്ങോട്ടുകര പൂരം.