വടക്കേകാട്: അപൂർവ രോഗത്തെ തുടർന്ന് നവവധു മരിച്ചു. വൈലത്തൂർ സെന്റ് ഫ്രാൻസീസ് യു പി സ്കൂളിന് സമീപം കിഴൂർ കൊച്ചു ലാസറിന്റെ മകൻ ലിവിന്റെ ഭാര്യ പ്രിൻസി (23)യാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇക്കഴിഞ്ഞ നാലിനായിരുന്ന ഇവരുടെ വിവഹം. കഴിഞ്ഞ വെള്ളിയാഴ്ച ഭർത്താവിന്റെ വീട്ടിൽ വച്ച് ബോധക്ഷയം ഉണ്ടായി. ഉടനെ അമല ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് അപൂർവ രോഗം തിരിച്ചറിഞ്ഞത്. രക്തത്തിന്റെ അളവ് ക്രമാതീതമായി കുറഞ്ഞ് പ്രതിരോധ ശേഷി നഷ്ടപ്പെടുന്ന അവസ്ഥയാണ് ഇത്. കാരണം ഇപ്പോഴും കൃത്യമായി കണ്ടെത്തിയിട്ടില്ല.
വൈറൽ അണുബാധകൾ രോഗപ്രതിരോധ സംവിധാനത്തെ അമിതമായി സജീവമാക്കുകയും അസാധാരണമായ ആന്റിബോഡികൾ ഉത്പാദിപ്പിക്കാൻ തുടങ്ങുകയും ചെയ്യുന്നതാണ് കാരണമെന്ന് കരുതപ്പെടുന്നു. രക്തമാവശ്യപ്പെട്ട് സോഷ്യൽ മീഡിയകളിൽ സന്ദേശം കൈമാറി യതോടെ നിരവധി പേരാണ് ദാതാക്കളായി ആശുപത്രിയിൽ എത്തിയത്. ഇതിനിടയിൽ ഉണ്ടായ ഹൃദയാഘാതം പുതുജീവിതം തുടങ്ങിവെച്ച പ്രിൻസിയുടെ ജീവനെടുത്തു. വളരെ അപൂർവമായി ഉണ്ടാകുന്ന വയറൽ അണു ബാധയാണ് പ്രിൻസിയുടെ രോഗ കാരണമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. പെരുമ്പാവൂർ വല്ലം സ്വദേശി ആന്റണിയുടെ മകളാണ് പ്രിൻസി. ശനിയാഴ്ച്ചയായിരുന്നു മരണം. ഇന്നലെ ഞായർ വല്ലം കത്തോലിക്ക പള്ളിയിൽ സംസ്കാരം നടത്തി.