ഗുരുവായൂര്‍: ഗുരുവായൂർ നഗരസഭ സംസ്ഥാന സര്‍ക്കാരിന്റെ 2022-23 വര്‍ഷത്തെ മികച്ച നഗരസഭയ്ക്കുള്ള സ്വരാജ് ട്രോഫി പുരസ്‌കാരം മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്നും ഗുരുവായൂര്‍ നഗരസഭ ഏറ്റുവാങ്ങി. 50 ലക്ഷം രൂപയും ട്രോഫിയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
കൊട്ടാരക്കരയില്‍ നടന്ന തദ്ദേശ ദിനാഘോഷത്തില്‍ ഗുരുവായൂര്‍ നഗരസഭാ ചെയര്‍മാന്‍ എം. കൃഷ്ണദാസ്, വൈസ് ചെയര്‍പേഴ്‌സണ്‍ അനിഷ്മ ഷനോജ്, വികസന-ക്ഷേമ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ എ.എം. ഷഫീര്‍, സെക്രട്ടറി എച്ച്. അഭിലാഷ്, മുന്‍ സെക്രട്ടറി ബീന എസ്. കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് നഗരസഭ ഈ മികച്ച നേട്ടം കൈവരിച്ചത്. മാലിന്യ സംസ്‌കരണ രംഗത്ത് മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച് രാജ്യത്തിന് തന്നെ മാതൃകയാകാന്‍ ഗുരുവായൂര്‍ നഗരസഭയ്ക്ക് കഴിഞ്ഞു. അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം, പദ്ധതി വിഹിത നിര്‍വ്വഹണം, വയോജന – ഭിന്നശേഷി പദ്ധതികള്‍, കാര്‍ഷിക-വിദ്യാഭാസ പദ്ധതികള്‍ തുടങ്ങിയ എല്ലാ മേഖലകളിലും നഗരസഭ നടത്തിയ മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് ഈ നേട്ടത്തിലെത്തിച്ചത്.