കയ്പമംഗലം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് വഴിയോര കച്ചവട തൊഴിലാളി യൂനിയൻ എഐടിയുസി കയ്പമംഗലം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാർച്ചും ധർണയും നടത്തി.വഴിയോര കച്ചവട ജീവനോപാധി സംരക്ഷണ നിയമം പൂർണ രൂപത്തിൽ നടപ്പിൽ വരുത്തുക, 2022 ലെ സർക്കാർ ഉത്തരവ് അനുസരിച്ച് റീ സർവേ നടത്തി അർഹരായ മുഴുവൻ കച്ചവടക്കാരെയും ലിസ്റ്റിൽ ഉൾപ്പെടുത്തുക, വഴിയോര കച്ചവടക്കാർക്ക് ലൈസൻസും ഐഡി കാർഡും അനുവദിക്കുക, എല്ലാ പഞ്ചായത്തുകളിലും സർവേ നടത്തി വെന്റിംഗ് കമ്മിറ്റി രൂപീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ.
പെരിഞ്ഞനം പഞ്ചായത്ത് ഓഫിസിനു മുന്നിൽ നടത്തിയ ധർണ എഐടിയുസി ജില്ലാ പ്രസിഡന്റ് ടി.കെ. സുധീഷ് ഉദ്ഘാടനം ചെയ്തു. വഴിയോര കച്ചവട യൂണിയൻ മണ്ഡലം പ്രസിഡന്റ് പി.കെ. രാജീവ് അധ്യക്ഷനായി. സിപിഐ മണ്ഡലം സെക്രട്ടറി ടി.പി. രഘുനാഥ്, കെ.സി. ശിവരാമൻ, സി.എൻ. സതീഷ്കുമാർ, സായിദ മുത്തുക്കോയ തങ്ങൾ, സജിത പ്രദീപ്, എൻ.എസ്. ഗോപി, അഡ്വ.ശ്രേയസ് സംസാരിച്ചു. മൂന്നുപീടികയിൽ നിന്നും ആരംഭിച്ച പ്രകടനത്തിൽ നിരവധി തൊഴിലാളികൾ പങ്കെടുത്തു.