അന്തിക്കാട്: യുഡിഎഫിൻ്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷം ബിജെപിയുമായി ചേർന്ന് കേരളത്തിലെ എൽഡിഎഫ് സർക്കാരിനെ തകർക്കാൻ ശ്രമിക്കുന്നതായി സിപിഐ മുൻ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. സിപിഐ നേതാവായിരുന്ന വി.കെ. മോഹനൻ പത്താം ചരമവാർഷിക അനുസ്മരണം അന്തിക്കാട് ചടയൻമുറി ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുക യായിരുന്നു അദ്ദേഹം. കോൺഗ്രസ് ഭരിച്ച കാലഘട്ടത്തിൽ പൊതുമേഖല സ്ഥാപനങ്ങൾ വിറ്റഴിക്കുന്ന സമീപനമാണ് സ്വീകരിച്ചത്. കേരളത്തിൽ കഞ്ചികോട് കോച്ച് ഫാക്റ്ററി സ്ഥാപിക്കും എന്ന് പറഞ്ഞതല്ലാതെ സ്ഥാപിക്കാൻ പോലും കഴിഞ്ഞില്ല.
അതു തന്നെയാണ് ബിജെപി ഇപ്പോൾ രാജ്യത്ത് ചെയ്തു കൊണ്ടിരിക്കുന്ന തെന്നും പന്ന്യൻ രവീന്ദ്രൻ കുറ്റപ്പെടുത്തി. സിപിഐ സംസ്ഥാന കൗൺസിൽ അംഗം വിഎസ് സുനിൽകുമാർ അധ്യക്ഷനായി. ദേശീയ കൗൺസിൽ അംഗം കെ.പി. രാജേന്ദ്രൻ, സംസ്ഥാന എകസിക്യൂട്ടീവ് അംഗം സി.എൻ. ജയദേവൻ, ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ്, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വി.എസ്. പ്രിൻസ്, ജില്ലാ അസി.സെക്രട്ടറിടി ആർ. രമേഷ്കുമാർ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ കെ.പി. സന്ദീപ്, ഷീല വിജയകുമാർ, ഷീന പറയങ്ങാട്ടിൽ, നാട്ടിക മണ്ഡലം സെക്രട്ടറി സി.ആർ. മുരളീധരൻ, കെ.എം. ജയദേവൻ, സി.സി. മുകുന്ദൻ എംഎൽഎ എന്നിവർ സംസാരിച്ചു. സ്മൃതി മണ്ഡപത്തിൽ പുഷ്പ്പാർച്ചന നടത്തിയാണ് യോഗം തുടങ്ങിയത്.