മതിലകം: ശ്രീനാരായണപുരത്ത് ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയെ കൊലപ്പെടുത്തിയ കേസിൽ സഹോദരിയുടെ മകൻ അറസ്റ്റിൽ. പടിഞ്ഞാറെ വെമ്പല്ലൂർ കുടിലിങ്ങൽ ബസാർ ഏറാട്ട് വീട്ടിൽ സദാനന്ദൻ്റെ ഭാര്യ തങ്കമണി(67)യെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ തങ്കമണിയുടെ സഹോദരിയുടെ മകൻ മാവേലി വീട്ടിൽ ശ്യാംലാലിനെ(34)യാണ് അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച്ച വൈകീട്ടായിരുന്നു സംഭവം.
നേരിയ മാനസികാസ്വാസ്ഥ്യമുള്ള തങ്കമണിയെ മനോരോഗാശു പത്രിയിലേക്ക് കൊണ്ടുപോകാനുള്ള ശ്രമത്തിനിടയിൽ തോർത്ത് കൊണ്ട് വായ് മൂടിക്കെട്ടുകയും ഇതേ തുടർന്ന് വയോധിക ശ്വാസം മുട്ടി മരിക്കുക യുമാണുണ്ടായതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.
കൊടുങ്ങല്ലൂരിലെ മോഡേൺ ആശുപത്രിയിലെത്തിക്കും മുൻപെ തങ്കമണി മരണമടഞ്ഞിരുന്നു.
പിന്നീട് സ്വാഭാവിക മരണമെന്ന നിലയിൽ മൃതദേഹം വീട്ടിലെത്തിച്ചു. ഇതിനിടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാരിൽ ചിലർ പൊലീസിനെ വിവരമറിയിക്കുക യായിരുന്നു. തുടർന്ന് മതിലകം പൊലീസ് അന്വേഷണം നടത്തി.
തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ ശ്വാസം മുട്ടിയാണ് തങ്കമണി മരിച്ചതെന്ന് വ്യക്ത മായതോടെ പൊലീസ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
തുടർന്ന് ഇന്ന് ഉച്ചക്ക് ഒരു മണിയോടെ പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. കൊടുങ്ങല്ലൂർ ഡിവൈഎസ്പി സന്തോഷ് കുമാർ, മതിലകം പോലീസ് ഇൻസ്പെക്ടർ കെ.നൗഫൽ, എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷണം നടത്തിയത്.