ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ പരിധിയിലെ തൃശ്ശൂർ റൂറൽ ഡാൻസഫ് സംഘത്തിന്റെയും, ഇരിങ്ങാലക്കുട പോലീസിന്റെയും നേതൃത്വത്തിൽ വൻ കഞ്ചാവ് വേട്ട. രണ്ടു പേരെ പോലീസ് സംഘം പിടി കൂടി. ചിയ്യന്നൂർ കോക്കൂർ കോഴിക്കൽ വീട്ടിൽ ഷമീം മുഹമ്മദ്, പൊന്നാനി നന്നംമുക്ക് സൗത്ത് മുതുകാട് കോഴിക്കൽ വീട്ടിൽ മുഹമ്മദ് ഹിലാൽ എന്നിവരെയാണ് തൃശ്ശൂർ റൂറൽ ഡൻസാഫ് സംഘവും ഇരിങ്ങാലക്കുട പോലീസും ചേർന്ന് പിടി കൂടിയത്. തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി നവനീത് ശർമ്മയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പ്രത്യേക പോലീസ് സംഘം നടത്തിയ പരിശോധനയിലാണ് ഇരിങ്ങാലക്കുടയിൽ നിന്നും പ്രതികളെ വാഹന സഹിതം അറസ്റ്റ് ചെയ്തത്. തൃശ്ശൂർ റൂറൽ ഡിസിബി ഡിവൈഎസ് പി എൻ മുരളീധരൻ, ഇരിങ്ങാലക്കുട ഡി വൈഎസ്പി കുഞ്ഞിമൊയ്തീൻ എന്നിവരുടെ നേതൃത്വത്തിൽ തൃശ്ശൂർ റൂറൽ ഡാൻസഫ് എസ്ഐമാരായ പി. പി. ജയകൃഷ്ണൻ, സീനിയർ സിപിഒ മാരായ സൂരജ് വി. ദേവ്, മിഥുൻ ആർ കൃഷ്ണ, എ.ബി. നിശാന്ത്, കെ.ജെ. ഷിന്റോ എന്നിവരും ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ രാജു, സിപിഒമാരായ ലിഗേഷ് കാർത്തികേയൻ, രാഗേഷ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. ഇരിങ്ങാലക്കുടയിലെ കോളേജ് വിദ്യാർത്ഥികൾക്ക് ഈ മേഖലയിൽ വിൽപന നടത്തുന്നതിനായി കൊണ്ടു വന്നതാണ് പിടിച്ച കഞ്ചാവ്.
പിടിയിലായ പ്രതികൾ രാത്രി സമയങ്ങളിൽ ഇറങ്ങി നടക്കുന്ന വിദ്യാർത്ഥി, വിദ്യാർത്ഥിനി കൾക്കായി മയക്കുമരുന്ന് വിൽപ്പന നടത്തുന്ന ശൃംഖലയിലെ കണ്ണികളാണ്. മയക്കുമരുന്ന് വാങ്ങിയ ആളുകളെയും വില്പന നടത്തുന്ന ആളുകളെയും പറ്റി വിശദമായ അന്വേഷണം ആരംഭിച്ചു കഴിഞ്ഞതായി പോലീസ് അറിയിച്ചു.